ബഹ്‌റൈനിൽ ബ്രിട്ടീഷ് സംഗീതജ്ഞൻ നീന്തൽ കുളത്തിൽ മുങ്ങിമരിച്ചു

പിതാവ് റോണി മിഡിൽടണിനൊപ്പം സൈമൺ നിക്കോളാസ് മിഡിൽടൺ
പ്രദീപ് പുറവങ്കര
മനാമ I ബഹ്‌റൈനിൽ താമസിക്കുന്ന ബ്രിട്ടീഷ് സംഗീതജ്ഞൻ സൈമൺ നിക്കോളാസ് മിഡിൽടൺ അദ്ലയിയിലെ സ്വിമ്മിങ്ങ് പൂളിൽ കുളിക്കുന്നതിനിടെ മുങ്ങിമരണപ്പെട്ടു. സൈമൺ കോർസാക്ക് എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെട്ടിരുന്ന 51 വയസ്സുകാരനായ സൈമൺ നിക്കോളാസ് മിഡിൽടൺ അൽ ഹിലാൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ റോണി മിഡിൽടണിന്റെ മകനാണ്. പ്രമുഖ ഇംഗ്ലീഷ് പത്രമായ ഗൾഫ് ഡെയിലി ന്യൂസ് അടക്കമുള്ള സ്ഥാപനങ്ങൾ അൽ ഹിലാൽ ഗ്രൂപ്പിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ച്ചയായി വെള്ളം മാത്രം കുടിച്ച് വളരെ കുറഞ്ഞ ഖരഭക്ഷണം ഉൾപ്പെടുന്ന ഏഴ് ദിവസത്തെ 'ലിക്വിഡ് ഫാസ്റ്റ്' ഇദ്ദേഹം ചെയ്തിരുന്നു. വൈദ്യോപദേശമില്ലാതെ നടത്തിയ ഭക്ഷണക്രമത്തിലെ ഈ മാറ്റമായിരിക്കാം മരണകാരണമെന്ന് സംശയിക്കുന്നതായി പിതാവ് റോണി മിഡിൽടൺ പറയുന്നു. ഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനുമെല്ലാം വാട്ടർ ഫാസ്റ്റിന് ഗുണങ്ങളുണ്ടെങ്കിലും, നിർജ്ജലീകരണം, തലകറക്കം, രക്തസമ്മർദ്ദം പെട്ടെന്ന് കുറയുക തുടങ്ങിയ അപകടസാധ്യതകളും ഈ രീതിക്കുണ്ടെന്നാണ് പറയപ്പെടുന്നത്.
നേരത്തേ സ്പെയിനിൽ താമസിച്ചിരുന്ന സൈമൺ നിക്കോളാസ് മിഡിൽടൺ 2017 മുതൽക്കാണ് ബഹ്റൈനിലേയ്ക്ക് മടങ്ങിയെത്തിയത്. ഇവിടെയുള്ള കുടംബ ബിസിനസ്സിൽ പങ്കാളിയായ അദ്ദേഹം തന്റെ സംഗീതത്തോടുള്ള അഭിനിവേശം പിന്തുടരുകയും ചെയ്തിരുന്നു.
aaaaa