ടി.വി ചാനലിൽ വരാൻ വേണ്ടി മാത്രം സമരം നടത്തരുത്; ടി.വിക്കും സോഷ്യൽ മീഡിയക്കും പുറത്ത് ആളുകളുണ്ട് : പി.ജെ കുര്യന്‍

ഷീബ വിജയൻ
പത്തനംതിട്ട I യൂത്ത് കോൺഗ്രസ് വിമർശനം പാർട്ടിയുടെ നല്ലതിന് വേണ്ടിയാണെന്നും, പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. ടി.വി ചാനലിൽ വരാൻ വേണ്ടി മാത്രം സമരം നടത്തരുതെന്നും ടി.വിക്കും സോഷ്യൽ മീഡിയക്കും പുറത്ത് ആളുകളുണ്ടെന്നും ഓർമിപ്പിച്ച കുര്യൻ, എഴുപതുകളിൽ താനും സമരം ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ടു. “ഞാൻ പറഞ്ഞതിൽ ദുരുദ്ദേശ്യപരമായി ഒന്നുമില്ല. ആരെയും വിമർശിച്ചിട്ടില്ല. പാർട്ടി താൽപര്യം നോക്കി എനിക്ക് ഉത്തമബോധ്യമുള്ള കാര്യമാണ് പറഞ്ഞത്. മുമ്പും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വേണമെങ്കിൽ ഇനിയും ഇക്കാര്യം പറയും. ടി.വി ചാനലിൽ വരാൻ വേണ്ടി മാത്രം സമരം നടത്തരുത്. സമൂഹമാധ്യമങ്ങളിലെ അഭിപ്രായങ്ങൾക്ക് ഇംപാക്ട് ഉണ്ടാകാറില്ല. ടി.വിക്കും സോഷ്യൽ മീഡിയക്കും പുറത്ത് 40 ശതമാനം ആളുകൾ ഈ സംസ്ഥാനത്തുണ്ട്. അവരെ ആര് അഡ്രസ്സ് ചെയ്യും? ബൂത്തുതലത്തിൽ പ്രവർത്തിക്കാൻ ആരുമില്ല. അത് പരിഹരിക്കാൻ തയാറാകണം. സി.പി.എമ്മിന് ശക്തമായ കേഡർ സംവിധാനമുള്ളപ്പോൾ യൂത്ത് കോൺഗ്രസുകാരും സംഘടനയെ ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങണം. പ്രായമായവരുടെ ഉൾപ്പെടെ കാര്യങ്ങൾ സംബോധന ചെയ്യപ്പെടണം. ആരെയും വ്യക്തിപരമായി ഞാൻ കുറ്റപ്പെടുത്തിയിട്ടില്ല. സമരമുഖത്ത് ആളുവേണം. എന്നാൽ അതുമാത്രം പോരാ. ഓരോ പഞ്ചായത്തിലും മുന്നിട്ടിറങ്ങി പ്രവർത്തിക്കാൻ ചെറുപ്പക്കാർ വേണം. അതിന് യൂത്ത് കോൺഗ്രസ് മുന്നിട്ടിറങ്ങണം. ഇല്ലെങ്കിൽ ഈ തെരഞ്ഞെടുപ്പും കോൺഗ്രസ് ജയിക്കില്ല. ഇവിടുത്തെ കോൺഗ്രസിന് എല്ലാ പിന്തുണയും ഞാൻ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
DFSDEDAS