തീവ്രവാദത്തിനെതിരെ ഇന്ത്യയും യുഎസും കൈകോർക്കും

വാഷിങ്ടണ്‍ : ആഗോളതലത്തില്‍ കുതിച്ചുയരുന്ന രണ്ട് രാജ്യങ്ങള്‍ എന്ന നിലയില്‍ ജനാധിപത്യത്തിന് ഭീഷണിയുയര്‍ത്തുന്ന തീവ്രവാദം എന്ന വിപത്തിനെ ചെറുക്കുന്നതാണ് ഇരു രാജ്യങ്ങളുടെയും പ്രഥമ പരിഗണനെയന്ന് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ട്രംപുമായുള്ള കൂടിക്കാഴ്ച ഇന്ത്യ-യുഎസ് ബന്ധത്തിലെ ചരിത്ര മുഹൂര്‍ത്തമെന്ന് വിശേഷിപ്പിച്ച മോദി, ഇന്ത്യയുടെ പുരോഗമനത്തില്‍ യുഎസ് മുഖ്യപങ്കാളിയായിരിക്കുമെന്നും സുരക്ഷാവെല്ലുവിളികളില്‍ ഇരുരാജ്യങ്ങളുടെയും സഹകരണങ്ങള്‍ പ്രധാനമാണെന്നും പറഞ്ഞു. അഫ്ഗാനിസ്താനില്‍ സമാധാനം പുന:സ്ഥാപിക്കുക എന്നത് ഇന്ത്യയുടെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്. അഫ്ഗാന്റെ അസ്ഥിരത ഇരു രാജ്യങ്ങളിലും ആശങ്ക ഉളവാക്കുന്നു. ഇക്കാര്യത്തില്‍ യുഎസിന്റെ ഉപദേശവും, സഹകരണവും ഇന്ത്യ തേടുന്നുണ്ട്.
സാമ്പത്തിക മേഖലയില്‍ ഉള്‍പ്പടെ മികച്ച പദ്ധതികളാണ് മോദി നടപ്പിലാക്കുന്നതെന്ന് ട്രംപ് പറഞ്ഞു. മോദിയെ പോലൊരു പ്രഗദ്ഭനായ പ്രധാനമന്ത്രിക്ക് ആതിഥേയം നല്‍കാനായതെന്ന് തനിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്നും അമേരിക്കയുടെ പക്കല്‍ നിന്നും സൈനിക സാമഗ്രികള്‍ വാങ്ങാന്‍ തീരുമാനിച്ചതില്‍ നന്ദിയുണ്ടെന്നും ട്രംപ് അറിയിച്ചു.