ആധാർ കാര്‍ഡ് നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : സ്കൂളുകളിലെ ഉച്ചക്കഞ്ഞി ഉൾപ്പെടെ വിവിധ സാമൂഹികക്ഷേമ പദ്ധതികൾക്ക് ആധാർ കാര്‍ഡ് നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇടക്കാല വിധിയിലൂടെ സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ആധാർ കാർഡ് ഇല്ലാത്തതിന്റെ പേരിൽ ക്ഷേമപദ്ധതികൾ ഉൾപ്പെടെയുള്ളവയുടെ ആനുകൂല്യം നിഷേധിക്കരുതെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജികൾ ഒരുമിച്ച് പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ഈ നിർദ്ദേശം നൽകിയത്. ആധാർ കാർഡ് ഇല്ലാത്തതിന്റെ പേരിൽ ആർക്കെങ്കിലും എന്തെങ്കിലും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടാൽ തെളിവുസഹിതം കോടതിയെ അറിയിക്കാനും പരാതിക്കാരോട് സുപ്രീം കോടതി നിർദ്ദേശിച്ചു.
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി ബാങ്ക് അക്കൗണ്ടും ആധാർ കാര്‍ഡും ബന്ധിപ്പിക്കാനുളള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത്ത കോടതിയെ അറിയിച്ചു. ഇനിയും ആധാർ കാർഡ് ലഭിച്ചിട്ടില്ലാത്തവർക്ക് അതിനുപകരം തിരഞ്ഞെടുപ്പു കമ്മിഷന്റെ തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ പകരം ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.