25,000 അടി മുകളിൽ നിന്ന് ചാടി സ്കൈ ഡൈവർ ലൂക്ക്

ലോസ് ഏഞ്ചൽസ് : ലോകത്താദ്യമായ് 25,000 അടി മുകളിൽ നിന്ന് താഴേയ്ക്ക് ചാടി സുരക്ഷിതമായി ഭൂമിയിലെത്തിരിക്കുകയാണ് സ്‌കൈ ഡൈവര്‍ ലൂക്ക്. 18000ത്തിലധികം സ്‌കൈ ഡൈവിങുകള്‍ നടത്തിയിട്ടുള്ള ലൂക്ക് ഇതാദ്യമായാണ് ഇത്തരമൊരു ദൗത്യത്തിന് മുതിരുന്നത്.
ഇത്രയും മുകളിൽ എത്തിയ ശേഷം വിമാനത്തില്‍ നിന്ന് ചാടി പരിക്കുകളൊന്നും ഏല്‍ക്കാതെ ഭൂമിയില്‍ സ്ഥാപിച്ച 100 അടി വീതിയും നീളവുമുള്ള വലയില്‍ ലാന്റ് ചെയ്യുന്നതിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ചാടിയ ശേഷം രണ്ട് മിനിറ്റോളം ഫ്രീ ഫോള്‍ അവസ്ഥയില്‍ നിന്ന ശേഷം കൃത്യമായ ശരീര ചലനങ്ങള്‍ നടത്തി പിന്‍ ഭാഗം ഭൂമിയില്‍ പതിച്ച രീതിയിലായിരുന്നു ലാന്റിങ്. സിമി വാലിയിലെ ബിഗ് സ്‌കൈ മൂവി റേഞ്ചിലായിരുന്നു വല സ്ഥാപിച്ചിരുന്നത്.
മറ്റ് മൂന്ന് ഡൈവേഴ്‌സ് പാരച്യൂട്ട് ഉപയോഗിച്ച് ലൂക്കിനൊപ്പം ചാടി. ലൂക്കിന്റെ ശരീരത്തിലും മറ്റൊരാളുടെ ഹെല്‍മറ്റിലും ക്യാമറ ഘടിപ്പിച്ചിരുന്നു. താഴെ നില്‍ക്കുന്നവര്‍ക്ക് സ്ഥാനം മനസ്സിലാക്കാന്‍ മൂന്നു പേരുടേയും ബൂട്ടില്‍ നിന്ന് പുകയും പുറപ്പെട്ടു കൊണ്ടിരുന്നു. ഓക്‌സിജൻ ലഭ്യമാകുന്ന സ്ഥലം വരെ കാനിസ്റ്റര്‍ ഉപയോഗിച്ചു അതിന് ശേഷം കൂടെ ഉണ്ടായിരുന്നയാള്‍ക്ക് കൈമാറി. പിന്നീട് കൂടെ ഉണ്ടായിരുന്നവര്‍ പാരച്യൂട്ട് വിടര്‍ത്തി പറന്നകന്നു.
തുടര്‍ന്ന് കാണികളുടെ മുന്നിലേയ്ക്ക് അതിവേഗം കൃത്യമായ ബാക്ക് ഫ്ലിപ്പോടെ ശരീരത്തിന്റെ പിന്‍ഭാഗം ഉപയോഗിച്ച് ലാന്റ് ചെയ്യ്തു. ലൂക്കിന്റെ ഭാര്യ മോണിക്കയും മകന്‍ ലോഗനും ശ്വാസമടക്കി പിടിച്ചിരുന്നാണ് ഈ കാഴ്ച കണ്ടത്. താഴെയെത്തിയ ലൂക്കിനെ ഭാര്യയും മകനും ഓടി വന്ന് പുണര്‍ന്നു.