ഇറാനെതിരെ ഇസ്രായേലിന്റെ 'പ്രതിരോധ ആക്രമണം'; ടെഹ്റാനിൽ സ്ഫോടനങ്ങൾ
പ്രദീപ് പുറവങ്കര
ടെഹ്റാൻ: ഇന്ന് പുലർച്ചെ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ മൂന്ന് ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ടെഹ്‌റാൻ നഗരത്തിന്റെ മധ്യഭാഗത്തും കിഴക്കൻ മേഖലയിലുമായാണ് സ്ഫോടനങ്ങൾ നടന്നത്. സ്ഫോടനത്തിന് പിന്നാലെ നഗരത്തിന് മുകളിൽ കറുത്ത പുകപടലങ്ങൾ ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളോ നാശനഷ്ടങ്ങളോ ഇറാൻ അധികൃതർ ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേ സമയം ഇറാനിൽ നിന്നുള്ള ഭീഷണി മുൻകൂട്ടി കണ്ട് നടത്തിയ സൈനിക നീക്കമാണിതെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രായേലിലെമ്പാടുമുള്ള പൗരന്മാർക്ക് മൊബൈൽ ഫോണുകൾ വഴി അതീവ ഗൗരവകരമായ സുരക്ഷാ ഭീഷണിയുണ്ടെന്ന സന്ദേശവും ഇവർ കൈമാറിയിട്ടുണ്ട്. 'അങ്ങേയറ്റം ഗുരുതരമായ ഭീഷണി' രാജ്യത്തിന് നേരെ ഉയർന്നിട്ടുണ്ടെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും നിർദ്ദേശിച്ചുകൊണ്ടുള്ള അലർട്ടുകളാണ് ജനങ്ങൾക്ക് ലഭിച്ചത്. സൈനിക ആക്രമണത്തിന്റെ കൂടുതൽ വിശദാംശങ്ങളോ ഇറാനിൽ നിന്നുണ്ടായേക്കാവുന്ന പ്രത്യാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങളോ ഇസ്രായേൽ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കവെയാണ് ഈ സ്ഫോടനങ്ങൾ ഉണ്ടായിരിക്കുന്നത്.
aa




