ഇന്ത്യ 7ാം തവണയും യു.എൻ മനുഷ്യാവകാശ കൗൺസിലിലേക്ക്

ഷീബ വിജയൻ
ന്യൂയോർക്ക് I ഏഴാം തവണയും യു.എൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യക്ക് അംഗത്വം. 2026 ജനുവരി 1 മുതലാണ് ഇന്ത്യയുടെ പുതിയ ടേം ആരംഭിക്കുന്നത്. ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നത്. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ പർവ്വതനേനി ഹരീഷ് പ്രതിനിധികളുടെ പിന്തുണക്ക് സോഷ്യൽ മീഡിയ വഴി നന്ദി അറിയിച്ചു. ഈ തെരഞ്ഞെടുപ്പ് മനുഷ്യാവകാങ്ങളോടും മൗലിക സ്വാതന്ത്ര്യത്തോടുമുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നതെന്ന് അവർ പറഞ്ഞു.
യു.എൻ മനുഷ്യാവകാശ കൗൺസിലിൽ 47 അംഗ രാജ്യങ്ങളാണുള്ളത്. മൂന്ന് വർഷത്തേക്കാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. ആഫ്രിക്കൻ സ്റ്റേറ്റുകൾക്ക് 13, ഏഷ്യ പസിഫിക് സ്റ്റേറ്റുകൾക്ക് 13, കിഴക്കൻ യൂറോപ്യൻ സ്റ്റേറ്റുകൾക്ക് 6, ലാറ്റിൻ അമേരിക്കൻ കരീബിയൻ സ്റ്റേറ്റുകൾക്ക് 8, പടിഞ്ഞാറൻ യൂറോപ്യൻ സ്റ്റേറ്റുകൾക്ക് 7 എന്നിങ്ങനെ അഞ്ച് പ്രാദേശിക ഗ്രൂപ്പുകൾക്കായാണ് സീറ്റുകൾ നൽകിയിട്ടുള്ളത്. 2024 ലാണ് തുടർച്ചയായ രണ്ട് വർഷം ഇന്ത്യ കൗൺസിലിൽ അംഗത്വം വഹിച്ചത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിനു മുമ്പായി ഇടവേളയെടുത്തു. 2006 മുതൽ ഇന്ത്യ മനുഷ്യാവകാശ കൗൺസിലിൽ അംഗമാണ്. 2011, 2018, 2025 വർഷങ്ങളിൽ ഇടവേളയെടുത്തു. ഇന്ത്യക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ അംഗോള, ചിലി, ഇക്വഡോർ, ഈജിപ്ത്, എസ്റ്റോണിയ, ഇറാഖ്, ഇറ്റലി, മൗറിഷ്യസ്, പാകിസ്താൻ, സ്ലൊവേനിയ, സൗത്ത് ആഫ്രിക്ക, യു.കെ, വിയറ്റ്നാം എന്നീ രാഷ്ട്രങ്ങളാണ്.
TTRGHCFG