കോവിഡ് ടെസ്റ്റിംഗ് കിറ്റ് ഉത്പാദനം: ടാറ്റ സൺസ് ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടുമായി പങ്കാളികളാകുന്നു

തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുമായി ചേർന്ന് കോവിഡ് 19 പരിശോധനാ കിറ്റുകളുടെ ഉത്പാദനം ആരംഭിക്കുന്നു. കോവിഡ് 19 കണ്ടെത്തുന്നതിനായി റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേയ്സ് ലൂപ് മീഡിയേറ്റഡ് ആംപ്ലിഫിക്കേഷൻ (ആർടി−ലാംപ്) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കിറ്റുകൾ ഉപയോഗിക്കുന്നതോടെ ഇന്ത്യയെങ്ങുമുള്ള ലാബുകളിൽ കുറഞ്ഞ സമയത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കാൻ സാധിക്കും. ഉടൻ തന്നെ ഈ പരിശോധനകൾക്ക് അംഗീകാരം ലഭിക്കുമെന്നും തുടർന്ന് ഉത്പാദനവും ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ചികിത്സാകേന്ദ്രത്തിൽ തന്നെ ഉപയോഗിക്കാൻ സാധിക്കുന്നതാണ് ആർടി−ലാംപ് സാങ്കേതികവിദ്യ. നിലവിലുള്ള റിയൽടൈം പിസിആർ സാങ്കേതികവിദ്യയുമായി താരതമ്യം ചെയ്യുന്പോൾ വലിയ തോതിൽ സങ്കീർണതകൾ ഒഴിവാക്കുന്നതാണ് ചിത്ര ജീൻ ലാംപ് എൻ ടെസ്റ്റ്. വൈറൽ ഡിഎൻഎയുടെ ഐസോതെർമൽ പകർപ്പുകൾ സൃഷ്ടിച്ചാണ് പരിശോധന നടത്തുന്നത്. കൂടാതെ ഈ പരിശോധന മാഗ്നറ്റിക് നാനോപാർട്ടിക്കിളുകളെ അടിസ്ഥാനമാക്കിയുള്ള ആർഎൻഎ വേർതിരിക്കൽ നടത്തുന്നതിനാൽ ഉയർന്ന ശുദ്ധിയും സാന്ദ്രതയുമുള്ള ആർഎൻഎകളെ സ്വാബ് സാംപിളിൽ നിന്ന് കണ്ടെത്താനാവും.
ആഗോളതലത്തിലെ പകർച്ചവ്യാധിക്കെതിരേ പോരാടുന്നതിന് ടാറ്റ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് ടാറ്റ സൺസ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡിഫൻസ് ആൻഡ് എയ്റോസ്പേയ്സ് പ്രസിഡന്‍റ് ബെന്‍മാലി അഗ്രവാല പറഞ്ഞു. കോവിഡ് 19−നെതിരേയുള്ള പോരാട്ടത്തിൽ നേരത്തെ രോഗം കണ്ടെത്തുന്നതും ചികിത്സ നടത്തുന്നതും വളരെ പ്രധാനമാണ്. കൂടുതൽ പരിശോധനകൾ നടത്തുന്നതിന് അനുസരിച്ച് കൂടുതൽ ടെസ്റ്റ് കിറ്റുകൾ ആവശ്യമായി വരും. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടുമായുള്ള സഹകരണത്തിലൂടെ തദ്ദേശീയമായ രണ്ടാം തലമുറ ടെസ്റ്റിംഗ് കിറ്റുകളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും പരിശോധനയുടെ വേഗം വർദ്ധിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നതിനും സഹായിക്കും.