‘അന്യൻ’ ബോളിവുഡിലേക്ക് വിക്രമിന് പകരം രൺവീർ സിംഗ്

ചെന്നൈ: ഹിറ്റ് തമിഴ് ചിത്രം ‘അന്യൻ’ ബോളിവുഡിലേയ്ക്ക്. റിലീസ് കഴിഞ്ഞ് 16 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം പുനരവതരിക്കാൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംവിധായകനായ ശങ്കർ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ചിത്രത്തിൽ നായകനായെത്തുന്നത് ബോളിവുഡ് താരം റൺവീർ സിംഗും.
അന്യനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട സിനിമ ഹിന്ദിയിലാകും ചിത്രീകരിക്കുക. റീമേക്ക് എന്നതിനുപരി ഒഫീഷ്യൽ അഡാപ്‌റ്റേഷൻ ആണ് ഈ ചിത്രമെന്ന് ശങ്കർ സോഷ്യൽ മീഡിയയിൽ കുറിച്ചു. പെൻ മൂവീസിന്റെ ബാനറിൽ ജയന്തിലാൽ ഗാഡയായിരിക്കും നിർമ്മാണം. 2005ലാണ് തെന്നിന്ത്യൻ താരം ചിയാൻ വിക്രം നായകനായി അന്യൻ പുറത്തിറങ്ങുന്നത്. ഏറെ പെട്ടെന്ന് തന്നെ പ്രേക്ഷക മനസിൽ ഇടം പിടിച്ച ചിത്രത്തിന് ഇപ്പോഴും കൾട്ട് പദവിയാണുള്ളത്. സൈക്കോളജിക്കൽ ത്രില്ലർ കാറ്റഗറിയിൽ പെടുന്ന ചിത്രം വിക്രമിന്റെ കരിയറിലെയും വന്പൻ ഹിറ്റായിരുന്നു.