പരസ്യ വാചകം ഫലം കണ്ടില്ല; നടൻ അനൂപ് മേനോന് പിഴ

കൊച്ചി: ധാത്രി ഹെയർ ഓയിൽ ഉപയോഗിച്ചിട്ട് മുടി വളർന്നില്ലെന്ന ഉപഭോക്താവിന്റെ പരാതിയിൽ നടന്‍ അനൂപ് മേനോന് പിഴ. തൃശൂർ വൈലത്തൂർ സ്വദേശിയായ ഫ്രാന്‍സിസ് വടക്കന്റെ പരാതിയിലാണ് ഉപഭോകൃത തർക്കപരിഹാര കമ്മീഷന്‍ അനൂപ് മേനോനും ധാത്രിക്കുമെതിരെ പിഴ ചുമത്തിയിരിക്കുന്നത്. ഹെയർ ഓയിൽ വിറ്റ വൈലത്തൂരിലെ എ വൺ മെഡിക്കൽസ് ഉടമ മൂവായിരം രൂപയും പിഴ അടക്കണം.
പിഴത്തുകകൾ ഹർജിക്കാരനായ ഫ്രാൻസിസ് വടക്കന് നൽകാനാണ് കോടതി ഉത്തരവ്. ധാത്രി ഉപയോഗിച്ചിട്ട് ഫലമുണ്ടാകാത്തതിനെ തുടർന്നാണ് കന്പനിക്കെതിരെ ഫ്രാൻസിസ് വടക്കൻ നോട്ടീസ് അയച്ചത്. ഇതോടെ ധാത്രി പരസ്യം ഒഴിവാക്കി. എന്നാൽ നഷ്ടപരിഹാരം നൽകാന്‍ തയ്യാറാകാത്തതോടെ നിയമനടപടി സ്വീകരിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് അനൂപ് മേനോനെ വിസ്തരിച്ചിരുന്നു.
അമ്മ കാച്ചിത്തരുന്ന എണ്ണയാണ് താന്‍ ഉപയോഗിക്കാറ്, ധാത്രി ഉപയോഗിച്ചിട്ടില്ല എന്നായിരുന്നു താരം പറഞ്ഞത്. നേരത്തെ ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചാൽ സൗന്ദര്യം വർദ്ധിക്കുമെന്ന മമ്മൂട്ടിയുടെ പരസ്യത്തിന് നേരെയും കോടതി നടപടി സ്വീകരിച്ചിരുന്നു. 2013−ൽ ആയിരുന്നു ഈ സംഭവം.
മമ്മൂട്ടിയുടെ പരസ്യം കേട്ട് ഒരു വർഷത്തോളം ഇന്ദുലേഖ സോപ്പ് ഉപയോഗിച്ച് വഞ്ചിക്കപ്പെട്ടു എന്നായിരുന്നു പരാതി. 50000 രൂപയും മറ്റ് ചെലവുകളും നൽകണമെന്നായിരുന്നു ചാത്തു ഹർജിയിൽ പറഞ്ഞിരുന്നത്. ഒടുവിൽ ഇന്ദുലേഖ കന്പനി 30000 രൂപ കൊടുത്താണ് കേസ് ഒതുക്കി തീർത്തത്.