അക്ഷയ് കുമാറിനൊപ്പം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ലോകസുന്ദരി

ന്യൂഡൽഹി: അക്ഷയ് കുമാറിനൊപ്പം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ലോകസുന്ദരി മാനുഷി ഛില്ലര്‍. രാംപുത് വംശത്തിലെ രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ ജീവിതകഥ പറയുന്ന ‘പൃഥ്വിരാജ്’ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ ഭാര്യ സന്യോഗിത ആയാണ് മാനുഷി എത്തുന്നത്. ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്യുന്ന ചിത്രം യഷ്‌രാജ് ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സന്യോഗിതയുടെ റോളിനായി നിരവധി ഓഡിഷന്‍ നടത്തിയെങ്കിലും നായിക കിട്ടിയില്ലെന്നും ഒടുവിലാണ് മാനുഷിയെ ആ റോളിലേക്ക് പരിഗണിച്ചതെന്നും ചന്ദ്രപ്രകാശ് ദ്വിവേദി പറഞ്ഞു.
ആദ്യ സിനിമക്കായി താന്‍ വളരെ സന്തോഷത്തിലാണെന്ന് മാനുഷി പറയുന്നു. ”ജീവിതം ഒരു ഫെയറി ടെയ്ല്‍ പോലെയാണ് കാണുന്നത്. ആദ്യം ലോകസുന്ദരിപ്പട്ടം ലഭിച്ചു. ഇപ്പോള്‍ ബോളിവുഡിലേക്ക് വലിയൊരു തുടക്കം” എന്ന് ഒരു അഭിമുഖത്തിനിടെ മാനുഷി വ്യക്തമാക്കി.