മോളിവുഡ് മുതൽ ഹോളീവുഡ് വരെ: നാളെ പ്രദർശന ശാലകളിലെത്തുന്നത് അഞ്ച് ചിത്രങ്ങൾ

മലയാളത്തിന്റെ മെഗാതാരം മോഹൻലാലും തമിഴ് സൂപ്പർ താരം സൂര്യയും ഒന്നിച്ചഭിനയിക്കുന്ന കാപ്പനും യൂത്ത് ഐക്കൺ ദുൽഖർ സൽമാന്റെ ബോളിവുഡിലെ രണ്ടാമത്തെ ചിത്രമായ ദ സോയാഫാക്ടറും ഹോളിവുഡിലെ എക്കാലത്തെയും വലിയ ആക്ഷൻ ഹീറോയായ സിൽവസ്‌റ്റർ സ്റ്റാലന്റെ റാംബോ-ദ ലാസ്റ്റ് ബ്ളഡുമുൾപ്പെടെ അഞ്ച് ചിത്രങ്ങളാണ് നാളെ പ്രദർശന ശാലകളിലെത്തുന്നത്. മോഹൻലാൽ പ്രധാനമന്ത്രിയായും സൂര്യ അംഗരക്ഷകനായുമെത്തുന്ന കാപ്പൻ കേരളത്തിൽ മുളകുപാടം ഫിലിംസാണ് റിലീസ് ചെയ്യുന്നത്. അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സൂര്യയെ നായകനാക്കി കെ.വി.ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാൻ നിർമ്മിച്ചിരിക്കുന്നത് ലൈക്കാ പ്രൊഡക്ഷ ൻസിന്റെ ബാനറിൽ സുബാസ്‌ക്കരനാണ്. ആര്യ, സയേഷ, ബോമൻ ഇറാനി, ഷംനാകാസിം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഹാരിസ് ജയരാജ് ഈണമിട്ട ഗാനങ്ങൾ കാപ്പാന്റെ ഹൈലൈറ്റുകളിലൊന്നായിരിക്കും.
അനുജ ചൗഹാന്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ദുൽഖർ സൽമാനും സോനം കപൂറും നായകനും നായികയുമാകുന്ന ദ സോയാഫാക്ടർ. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ദ സോയാഫാക്ടർ സംവിധാനം ചെയ്യുന്നത് അഭിഷേക് ശർമ്മയാണ്. തേരേ ബിൻ ലാദൻ, തേരേ ബിൻ ലാദൻ - ഡെഡ് ഓർ എ ലൈവ്, ദ ഷൗക്കീൻസ്, പരമാണു ദ സ്റ്റോറി ഒഫ് പൊക്രാൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അഭിഷേക് ശർമ്മ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനായ നിഖിൽ ഖോഡ എന്ന കഥാപാത്രത്തെയാണ് ദുൽഖർ ദ സോയാ ഫാക്ടറിൽ അവതരിപ്പിക്കുന്നത്. ക്രിക്കറ്റ് ടീമിന്റെ ഭാഗ്യചിഹ്നമായി മാറുന്ന സോയാ സോളാങ്കി എന്ന കഥാപാത്രമാണ് സോനം കപൂർ അവതരിപ്പിക്കുന്നത്.