മോദിയുടെ ജന്മദിനത്തിൽ ഹനുമാന് 1.25 കിലോയുടെ സ്വർണ കിരീടം സമർപ്പിച്ച് ഭക്തൻ

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദി 69−ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ഹനുമാന് 1.25 കിലോയുടെ സ്വർണ കിരീടം സമർപ്പിച്ച് വാരണാസി സ്വദേശിയായ ഭക്തൻ. ഇന്നലെ വാരണാസി സങ്കട് മോചൻ ക്ഷേത്രത്തിലാണ് അരവിന്ദ് സിംഗ് എന്നയാൾ കിരീടം സമർപ്പിച്ചത്. ലോക്സഭയിൽ വാരണാസിയെ പ്രതിനിധീകരിക്കുന്ന നരേന്ദ്ര മോദി രണ്ടാം വട്ടം അധികാരത്തിലെത്തിയാൽ ഹനുമാൻ സ്വർണ കിരീടം സമർപ്പിക്കാമെന്ന് പൊതു തെരഞ്ഞെടുപ്പിന് മുന്പ് താൻ നേർന്നിരുന്നതായി അരവിന്ദ് സിംഗ് പറഞ്ഞു.
കഴിഞ്ഞ 75 വർഷത്തോളം സാധിക്കാതിരുന്ന രാജ്യത്തിന്‍റെ വളർച്ച സാധ്യമാക്കിയത് മോദിയാണ്. അതിനാൽ അദ്ദേഹത്തിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് സ്വർണ കിരീടം സമർപ്പിക്കുകയാണ്. മോദിയും ഇന്ത്യയുടെ ഭാവിയും സ്വർണം പോലെ തിളങ്ങുമെന്നും കാശിയിലെ ജനങ്ങളുടെ ആദരവാണ് ഈ സ്വർണ കിരീടമെന്നും അരവിന്ദ് കൂട്ടിച്ചേർത്തു.