കാപ്പാൻ മോഷണമല്ലെന്ന് കോടതി; പരാതിക്കാരന് എതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് സംവിധായകൻ

ചെന്നൈ: മോഹൻലാൽ-സൂര്യ ചിത്രം കാപ്പാൻ എതിരെയുള്ള കോപ്പിയടി ആരോപണം മദ്രാസ് ഹൈക്കോടതി തള്ളി. പരാതിക്കാരന് എതിരെ മാനനഷ്ടത്തിനു കേസ് നൽകുമെന്ന് സംവിധായകൻ കെ.വി ആനന്ദ് പറഞ്ഞു. ചിത്രം ഇരുപതിനു തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എഴുത്തുകാരൻ ജോണ്‍ ചാർലി മദ്രാസ് ഹൈക്കോടതിയിൽ പരാതി നൽകുന്നത്. ‘സരവെടി’യെന്ന തന്റെ തിരക്കഥയുമായി ചിത്രത്തിന് സാമ്യമുണ്ടെന്നും റിലീസ് തടയണമെന്നുമായിരുന്നു ആവശ്യം. കേസ് പരിഗണിച്ച ജസ്റ്റിസ് സതീഷ് കുമാർ രണ്ടും വ്യത്യസ്തമാണെന്നു കണ്ടെത്തി.
‘സരവെടി’ എന്ന പേരിൽ താൻ എഴുതിയ തിരക്കഥ മോഷ്ടിച്ചെന്നാണ് ജോൺ ആരോപിച്ചത്. ചിത്രത്തിലെ പല സംഭാഷണങ്ങളും തന്റെ തിരക്കഥയിലെ തനി പകർപ്പാണെന്നും ജോൺ പറയുന്നു. ആഗസ്റ്റ് 20−നാണ് ഹർജി ഫയൽ ചെയ്തത്. 2017 ജനുവരിയിൽ, സംവിധായകൻ കെ.വി ആനന്ദിന് താൻ തിരക്കഥ വായിച്ചു കൊടുത്തിട്ടുണ്ടെന്നും, എന്നാൽ ഇതേപ്പറ്റി പിന്നീട് കെ.വി ആനന്ദിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും, എന്നാൽ രണ്ട് വർഷത്തിന് ശേഷം കാപ്പാന്റെ ടീസർ എത്തിയപ്പോൾ തന്റെ തിരക്കഥയുമായുള്ള സാമ്യം ഞെട്ടിക്കുന്നതായിരുന്നെന്നും ജോൺ ഹർജിയിൽ പറയുന്നു.
സിനിമ, ടെലിവിഷൻ, മീഡിയ, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിൽ 10 വർഷത്തെ പരിചയമുണ്ടെന്ന് അവകാശപ്പെടുന്ന ഹർജിക്കാരൻ, സിനിമയുടെ അണിയറ പ്രവർത്തകർ തന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിക്കുന്നു.
ചെന്നൈ, ഡൽഹി, കുളു മണാലി, ലണ്ടൻ, ന്യൂയോർക്ക്, ബ്രസീൽ എന്നിവിടങ്ങളിലായി കാപ്പാന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു.100 കോടി ചിലവിൽ ലൈക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചത്. സയേഷ സൈഗാളാണ് നായിക. ബോമാൻ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കർ കൃഷ്ണമൂർത്തി എന്നിവരാണ് മറ്റ് താരങ്ങൾ.