ആറ്റൂർ രവിവർമ്മ അന്തരിച്ചു
തൃശൂർ: പ്രശസ്ത കവിയും വിവർത്തകനുമായ ആറ്റൂർ രവിവർമ്മ (89) അന്തരിച്ചു. ഇന്ന് വൈകുന്നേരം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, ആശാൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തൃശൂരിലെ ആറ്റൂർ ഗ്രാമത്തിൽ 1930 ഡിസംബർ 27ന് കൃഷ്ണൻ നന്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ജനിച്ചത്. അദ്ധ്യാപകനായിരുന്ന ആറ്റൂർ വിവിധ സർക്കാർ കോളേജുകളിൽ സേവനമനുഷ്ഠിച്ചു. സാഹിത്യ അക്കാദമി ജനറൽ കൗൺസിലിൽ 2002 മുതൽ 2007 വരെ അംഗമായിരുന്നു. 1976 മുതൽ 1981 വരെ കോഴിക്കോട് സർവകലാശാലാ സിണ്ടിക്കേറ്റ് അംഗമായിയിരുന്നു. ജെ.ജെ ചില കുറിപ്പുകൾ എന്ന പേരിൽ സുന്ദര രാമസ്വാമിയുടെ നോവൽ തമിഴിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ഇതിനു പിന്നാലെ നിരവധി തമിഴ് കൃതികളും ആറ്റൂർ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി. കന്പ രാമായണത്തിന്‍റെ വിവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെയാണ് മരണം സംഭവിച്ചത്.

