സംസ്ഥാന അവാർഡ്: സന്തോഷം പങ്കുവെച്ച് അവാർഡ് ജോതാക്കൾ

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മികച്ച അഭിനേതാക്കളായി തിരഞ്ഞെടുക്കപ്പെട്ട ജയസൂര്യ, സൌബിൻ സാഹിർ, നിമിഷ സജയൻ എന്നിവർ. രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ജയസൂര്യ അവതരിപ്പിച്ചത്. സത്യന്‍റെ കുടുംബത്തിനും എല്ലാ മേരിക്കുട്ടിമാർക്കും അവാർഡ് സമർപ്പിക്കുന്നുവെന്നും ജയസൂര്യ പറഞ്ഞു. ഫുട്ബാൾ താരം വി.പി സത്യന് ലഭിക്കേണ്ട അംഗീകാരങ്ങളാണ് തനിക്ക് ലഭിച്ചത്. പുത്തൻ തലമുറക്ക് സത്യനെ പരിചയപ്പെടുത്താൻ ക്യാപ്റ്റനിലൂടെ കഴിഞ്ഞു. മികച്ച ഗൃഹപാഠം ചെയ്താണ് സംവിധായകൻ പ്രജേഷ് സെൻ സിനിമ ഒരുക്കിയത് ട്രാൻജെൻഡേഴ്സിനെ മോശമായ രീതിയിലാണ് എല്ലാവരും കണക്കാക്കുന്നത്. വ്യക്തമായ ആഗ്രഹമുണ്ടെങ്കിൽ ലക്ഷ്യത്തിലെത്താം എന്ന സന്ദേശമാണ് ഞാൻ മേരിക്കുട്ടി എന്ന സിനിമയിലേതെന്നും ജയസൂര്യ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാർഡ് അടിപൊളിയെന്ന് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സൗബിൻ ഷാഹിർ അഭിപ്രായപ്പെട്ടു. അവാർഡ് ഇപ്പോൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലേക്ക് വഴിതെളിച്ച മാതാപിതാക്കൾക്കും പിന്തുണ നൽകിയ ഭാര്യക്കും അവാർഡ് സമർപ്പിക്കുന്നു. തനിക്ക് ലഭിച്ച അവാർഡ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്കും നാട്ടുകാർക്കും അവകാശപ്പെട്ടതാണ്. മികച്ച അഭിനയമാണ് ജയസൂര്യ കാഴ്ചവെച്ചത്. അദ്ദേഹത്തിന് അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സൗബിൻ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മികച്ച നടി നിമിഷ സജയൻ പറഞ്ഞു. താൻ ചെയ്യുന്ന സിനിമകൾ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്നു എന്നതിൽ സന്തോഷമുണ്ട്. ചേലയിലേതും ഒരു കുപ്രസിദ്ധ പയ്യനിലേതും വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. ഇതുവരെ ലഭിച്ച സിനിമകളും അതിലെ അണിയറക്കാരും മികവ് പുലർത്തിയവരാണ്. മികച്ച കഥാപാത്രങ്ങളാണ് തനിക്ക് ലഭിച്ചിട്ടുള്ളവ. അവാർഡ് കിട്ടണമെന്ന് നിർബന്ധമില്ല. നല്ല സിനിമകൾ ലഭിക്കണമെന്നാണ് ആഗ്രഹമെന്നും നിമിഷ മാധ്യമങ്ങളോട് പറഞ്ഞു. −