‘കോവിഡ് ചാമ്പ്യൻ’ പുരസ്കാരം കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തിന്
കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളം (സിയാൽ) വിംഗ്‌സ് ഇന്ത്യ 2022ലെ ‘കോവിഡ് ചാമ്പ്യൻ’പുരസ്കാരത്തിന് അർഹമായി. വ്യോമയാന മേഖലയിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബിസിനസ് സമ്മേളനമായ വിംഗ്‌സ് ഇന്ത്യ 2022ൽ വച്ച് സിയാൽ എംഡി എസ്. സുഹാസ് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. കേന്ദ്ര വ്യോമയാന മന്ത്രാലയവും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (ഫിക്കി) സംയുക്തമായി സംഘടിപ്പിച്ച സമ്മേളനം ഹൈദരാബാദ് ബേഗം പേട്ട് വിമാനത്താവളത്തിലാണ് നടന്നത്.
കൊച്ചി വിമാനത്താവളത്തിൽ കോവിഡ് കാലത്ത് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ ‘മിഷൻ സേഫ്ഗാർഡിംഗ്’പദ്ധതിയാണ് സിയാലിനെ പുരസ്കാരത്തിന് അർഹമാക്കിയത്. വിപുലമായ കോവിഡ് പരിശോധനാ സൗകര്യങ്ങൾ, മെഡിക്കൽ നിരീക്ഷണം, തടസങ്ങളില്ലാത്ത ഗതാഗതം ഉറപ്പാക്കുന്ന ഫോളോ അപ്പ് പ്ലാനിംഗ് പദ്ധതികൾ എന്നിവ ഈ പ്രോജക്റ്റ് വഴി നടപ്പിലാക്കി. 2021ൽ സിയാൽ 4.3 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുകയും രാജ്യാന്തര ട്രാഫിക്കിൽ രാജ്യത്തെ മൂന്നാമത്തെ വലിയ വിമാനത്താവളമെന്ന സ്ഥാനം നേടുകയും ചെയ്തു.
