‘ബദാം ബദം ദാദാ കച്ചാ ബദം’ തെരുവു കച്ചവടക്കാരന്റെ പാട്ടിനൊപ്പം ലോകം ചുവട് വയ്ക്കുന്നു


കച്ചാ ബദം എന്ന പാട്ടിനൊപ്പം ലോകം മുഴുവൻ ചുവട് വയ്ക്കുകയാണ്. ഇൻ‍സ്റ്റഗ്രാമിലും യൂ ട്യൂബിലും ഒക്കെയായി ലക്ഷക്കണക്കിന് റീൽ‍ വീഡിയോകൾ‍, ഫേസ്ബുക്കിലും ട്വറ്ററിലുമൊക്കെയായി ലക്ഷക്കണക്കിന് പോസ്റ്റുകൾ‍. കൊറിയയിലും ടാന്‍സാനിയയിലും ന്യൂയോർ‍ക്കിലും പാരീസിലും ലണ്ടനിലുമെല്ലാം ആളുകൾ‍ ഈ പാട്ടിനൊപ്പം ചുവടുവെക്കുന്നു, അതു പകർ‍ത്തി സോഷ്യൽ‍ മീഡിയയിൽ‍ പോസ്റ്റ് ചെയ്യുന്നു. സെലിബ്രിറ്റികൾ‍ മുതൽ‍ വീട്ടമ്മമാർ‍ വരെ അക്കൂട്ടത്തിലുണ്ട്. പ്രശസ്തമായ സംഗീത ട്രൂപ്പുകൾ‍ ആ പാട്ടിന് വ്യത്യസ്തമായ പശ്ചാത്തല സംഗീതം നൽ‍കി അവതരിപ്പിക്കുന്നു. ടെലിവിഷൻ ചാനലുകളിലും സംഗീത റിയാലിറ്റി ഷോകളിലും ഈ പാട്ടിന് വ്യത്യസ്തമായ ആവിഷ്‌കാരങ്ങൾ‍ വരുന്നു. 

പാട്ട് വന്ന വഴി രസകരമാണ്. ഈ പാട്ടിനെ ഇത്തരത്തിൽ‍ പ്രശസ്തമാക്കിയത് ഒരു ബംഗാളി തെരുവു കച്ചവടക്കാരനാണ്. പേര് ഭൂപൻ ഭഡ്യാക്കർ‍. പത്തറുപത് വയസ്സുണ്ട്. പശ്ചിമ ബംഗാളിലെ ബിർ‍ബുൽ‍ ജില്ലയിലെ കുറൽ‍ജുറി ഗ്രാമത്തിലെ ദുബ്രാജ്പൂർ‍ നിവാസിയാണ്. ഭാര്യയും മകളും രണ്ട് ആൺകുട്ടികളുമൊത്ത് വളരെ സാധാരണ മട്ടിൽ‍ ജീവിച്ചുപോരുന്നു. ബിർ‍ബും, ബർ‍ധ്മാൻ ജില്ലകളിൽ‍ ബദാം വിൽ‍ക്കലാണ് ഓർ‍മ്മവെച്ച നാൾ‍ മുതൽ‍ പുള്ളിയുടെ ജോലി. സൈക്കിളിനു പിന്നിൽ‍ ബദാം വെച്ച് പലയിടത്തും പോയി വിൽ‍ക്കും. ആളെക്കൂട്ടാൻ പാട്ടുപാടും. ഈയടുത്ത കാലത്തായാണ് പുള്ളി വരികളിൽ‍ ചില്ലറ മാറ്റം വരുത്തി പഴയൊരു ബംഗാളി നാടോടിപ്പാട്ടിന്റെ ട്യൂണിൽ‍ ഒരു പാട്ടുണ്ടാക്കി പാടാൻ തുടങ്ങിയത്. ‘ബദാം ബദം ദാദാ കച്ചാ ബദം’ എന്നു തുടങ്ങുന്ന പാട്ട്, തന്റെ പരുക്കൻ‍ ശബ്ദത്തിൽ‍, പരുക്കൻ‍ ഭാവത്തിൽ‍ പാടി പുള്ളി ആളെക്കൂട്ടാൻ തുടങ്ങി. എന്നാൽ‍, ഇന്റർ‍നെറ്റോ സോഷ്യൽ‍ മീഡിയയോ ഒന്നും അറിയാത്ത സാധാരണ മനുഷ്യർ‍ക്കിടയിലായതിനാൽ‍ ഇതൊന്നും ആരുമറിഞ്ഞില്ല. അങ്ങനെയിരിക്കെ അയാളുടെ പാട്ട് ആരോ ഒരാൾ‍ മൊബൈൽ‍ ഫോണിൽ‍ പകർ‍ത്തി ഇൻ‍സ്റ്റഗ്രാമിൽ‍ പോസ്റ്റ് ചെയ്തു.

ആദ്യമൊന്നും അതാരും ശ്രദ്ധിച്ചില്ല. പതിയെ അത് വൈറലാവാൻ തുടങ്ങി. ആ പാട്ടിന്റെ താളവും അതിനുള്ള സാധ്യതയും തിരിച്ചറിഞ്ഞ ഏതോ സംഗീതജ്ഞൻ അതിന് പശ്ചാത്തല സംഗീതം നൽ‍കിയതോടെ കാര്യങ്ങൾ‍ മാറി. സോഷ്യൽ‍ മീഡിയയിൽ‍ അർ‍മാദിക്കുന്ന അനേകം സംഗീതജ്ഞർ‍ അവർ‍ക്കു തോന്നും പോലൊക്കെ അതിന് പശ്ചാത്തല സംഗീതം നൽ‍കി. ഒറ്റയടിക്ക് അതങ്ങ് കത്തിപ്പിടിച്ചു. 

തീർ‍ന്നില്ല, ആരും നൃത്തം ചെയ്തുപോവുന്ന താളത്തിലായിരുന്നു നാടൻ ബംഗാളി ഭാഷയിലുള്ള ആ പാട്ട്. അർ‍ത്ഥമോ സന്ദർ‍ഭമോ അറിയാതെ തന്നെ ചുവടുവെച്ചുപോവുന്ന ആ പാട്ടിനു പലരും ചുവടുവെച്ച് റീൽ‍ വീഡിയോകൾ‍ പോസ്റ്റ് ചെയ്തു. അതും ഹിറ്റായതോടെ സെലിബ്രിറ്റികളും അഭിനേതാക്കളും സംഗീത ട്രൂപ്പുകളുമെല്ലാം അതേറ്റുപിടിച്ചു. അങ്ങനെ ലക്ഷക്കണക്കിന് റീലുകളിൽ‍ ആ പാട്ട് പുതിയ പുതിയ വേഷപ്പകർച്ചയിൽ തകർക്കുകയാണ്.

പാട്ട് ഹിറ്റായതോടെ ആളുകൾ‍ അതിന്റെ സ്രഷ്ടാവിനെ അന്വേഷിച്ച് പാച്ചിലായി. കണ്ടെത്തുകയും ചെയ്തു. തന്റെ പാട്ട് വൈറലായതിൽ‍ ഏറെ സന്തോഷമുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്കു നൽ‍കിയ അഭിമുഖത്തിൽ‍ ഇയാൾ‍ പറഞ്ഞത്. 

പണ്ടു പണ്ടേ എനിക്ക് പാട്ട് ഭയങ്കര ഇഷ്ടമായിരുന്നു. ബാവുൽ‍ ഗായകർ‍ക്കൊപ്പം ചേരാനായി പല വട്ടം ശ്രമിച്ചു. വീട്ടിൽ‍ അടുപ്പ് പുകയുകയാണ് പാട്ടിനേക്കാൾ‍ വലുതെന്ന് തോന്നിയപ്പോൾ‍ അതു വിട്ട് ബദാം കച്ചവടം തുടങ്ങി. പതിറ്റാണ്ടുകളായി ആ പണി ചെയ്യുകയാണ്. അന്നുമുതൽ‍ തെരുവിലെ ആളുകളെ ആകർ‍ഷിക്കാന്‍ ഞാന്‍ പാട്ടുപാടിയിരുന്നു. എന്നാൽ‍, ഈയടുത്താണ്, നാടോടിപ്പാട്ടിന്റെ താളത്തിൽ‍ ബദാംപാട്ട് പാടാൻ തുടങ്ങിയത്. അതിങ്ങനെയൊക്കെ ആവുമെന്ന് ഒരിക്കലും കരുതിയില്ല. ലോകമാകെ എന്റെ പാട്ട് ആളുകൾ‍ ഇഷ്ടപ്പെടുന്നു എന്നതൊന്നും എനിക്ക് അറിയില്ലായിരുന്നു. ഈയടുത്താണ് ഞാനതറിഞ്ഞത്. വലിയ വലിയ ആളുകൾ‍ എന്റെ പാട്ട് ഇഷ്ടപ്പെടുന്നു എന്നത് സന്തോഷകരമാണ്. ഒരഭിമുഖത്തിൽ‍ ഭുപൻ‍ പറഞ്ഞു. 

തന്റെ പാട്ട് വെച്ച് ആളുകൾ ലക്ഷങ്ങൾ സന്പാദിക്കുന്ന വിവരം കുറച്ചുനാളുകൾക്ക് ശേഷമാണ് ഭുപൻ അറിഞ്ഞത്. ഇക്കാര്യം ആളുകൾ‍ പറഞ്ഞറിഞ്ഞതോടെ ഭുപന് നല്ല സങ്കടവും വന്നു. ആ പാട്ടുണ്ടാക്കിയ തനിക്ക് അഞ്ച് പൈസ അതു കൊണ്ട് കിട്ടാതിരിക്കുകയും അതു വെച്ച് മറ്റുള്ളവർ‍ കാശുണ്ടാക്കുകയും ചെയ്യുന്നത് ശരിയല്ലല്ലോ. അതിനാൽ‍, അയാൾ‍ പൊലീസ് സ്‌റ്റേഷനിൽ‍ പരാതി നൽ‍കി. കോപ്പിറൈറ്റ് കേസും ഐ ടി നിയമവും ഒന്നും സാധാരണയായി ഉപയോഗിക്കാത്ത നാട്ടുന്പുറത്തെ ആ പൊലീസ് സ്‌റ്റേഷനിൽ‍നിന്ന് എന്നാൽ‍, ഭുപന് സഹായമൊന്നും കിട്ടിയില്ല. 

പക്ഷേ, ഈ കഥയറിഞ്ഞപ്പോൾ‍ ആളുകൾ‍ ഭുപനെ കൂടി പരിപാടികളിലേക്ക് ക്ഷണിക്കാൻ തുടങ്ങി. അടിപൊളി വസ്ത്രമണിഞ്ഞ് ഭുപൻ പാടുന്പോൾ‍ സുന്ദരികളായ യുവതികൾ‍ ചുറ്റം നൃത്തം ചെയ്യുന്ന റാപ് സ്വഭാവത്തിലുള്ള വീഡിയോകൾ‍ പലരും പുറത്തിറക്കി. ചാനൽ‍ സംഗീത പരിപാടികളിലും അയാൾ‍ക്ക് അവസരങ്ങൾ ലഭിച്ചു. സൗരവ് ഗാംഗുലിയുടെ ദാദാഗിരി അൺ‍ലിമിറ്റഡ് എന്ന ചാനൽ‍ പരിപാടിയിലേക്ക്അതിഥിയായി ഇദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. 

You might also like

Most Viewed