വരാനിരിക്കുന്നത് മഹാമാന്ദ്യമെന്ന് ഐഎംഎഫ് മേധാവി


വാഷിംഗ്ടൺ: കൊറോണ വൈറസ് മഹാമാരി ഈ വർഷം ആഗോള സാമ്പത്തിക വളർച്ചയെ പിന്നോട്ടടിക്കുമെന്ന് ഐഎംഎഫ്. 1930 കളിലെ മഹാമാന്ദ്യത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാകുമിതെന്നും ഐഎംഎഫ് മേധാവി ക്രിസ്റ്റലിന ജോർജിവ പറഞ്ഞു. ഐഎംഫിന്‍റെയും ലോകബാങ്കിന്‍റെയും വാര്‍ഷിക യോഗത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിലാണ് ജോർജിവ ഇക്കാര്യം പറഞ്ഞത്. വളർന്നുവരുന്ന വിപണികളേയും വികസ്വര രാജ്യങ്ങളേയും ഏറ്റവും കൂടുതൽ മോശമായി സാമ്പത്തിക മാന്ദ്യം ബാധിക്കും. മൂന്ന് മാസം മുമ്പ്, 2020 ൽ 160 അംഗ രാജ്യങ്ങളിൽ ആളോഹരി വരുമാന വളർച്ച പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇത് ഇപ്പോൾ തലതിരിഞ്ഞിരിക്കുകയാണ്. ഈ വർഷം 170 രാജ്യങ്ങളിൽ പ്രതിശീർഷ വരുമാന വളർച്ച താഴേയ്ക്കായിരിക്കുമെന്നാണ് കരുതുന്നതെന്നു അവർ പറഞ്ഞു. കോവിഡ് നിരവധി ജീവനുകള്‍ നഷ്ടമാക്കിയപ്പോള്‍ ലോക്ക് ഡൗണുകള്‍ കോടിക്കണക്കിന് മനുഷ്യരുടെ ജീവിതം പ്രതിസന്ധിയിലാക്കി. ആഗോളതലത്തില്‍ തന്നെ ഈ വർഷം നെഗറ്റീവ് വളർച്ചയാകും രേഖപ്പെടുത്താന്‍ പോകുന്നത് എന്നകാര്യം വ്യക്തമാണ്. മഹാമാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ തകര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

You might also like

Most Viewed