മാസ്കും ഗ്ലൗസും റോഡിലിട്ടാൽ പിഴയും ബ്ലാക്പോയിന്റും

അബുദാബി: ഉപയോഗ ശേഷം മാസ്കും ഗ്ലൗസും റോഡിലേക്കു വലിച്ചെറിയരുതെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവർക്ക് 1000 ദിർഹം പിഴയും 6 ബ്ലാക് പോയിന്റുമാണ് ശിക്ഷ. കോവിഡ് ജാഗ്രതയുടെ ഭാഗമായി പൊതുജനങ്ങളും വ്യാപകമായി മാസ്ക് ഉപയോഗിക്കാൻ തുടങ്ങിയതോടെ ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന പ്രവണത ചിലയിടങ്ങളിൽ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നിയമം കർശനമാക്കിയത്.
അടപ്പുള്ള മാലിന്യപ്പെട്ടികളിൽ മാത്രമേ ഉപയോഗിച്ച കയ്യുറയും മാസ്കും നിക്ഷേപിക്കാവൂ. തുറന്നുകിടക്കുന്ന മാലിന്യത്തൊട്ടിയിൽ ഇവ ഇടരുത്. പരിസ്ഥിതി, പൊതു ആരോഗ്യ, സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.