നിലവാരമില്ലാത്ത വെളിച്ചെണ്ണ: മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
കോഴിക്കോട്: ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണകൾ വിപണിയിൽ വ്യാപകമായ സാഹചര്യത്തിൽ ഇവ വാങ്ങി ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അന്യസംസ്ഥാനങ്ങളിൽനിന്നു ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ കൂടുതലായി സംസ്ഥാനത്ത് എത്തുന്നതാണ് മുന്നറിയിപ്പിനു കാരണം. വെളിച്ചെണ്ണയ്ക്ക് പുറമേ കോക്കനട്ട് ടെസ്റ്റ ഓയിലും ബ്ലെൻഡഡ് ഓയിലും വിപണിയിലുണ്ട്. തേങ്ങയുടെ പുറംതൊലിയിൽനിന്ന് ഉത്പാദിപ്പിക്കുന്ന എണ്ണയാണ് കോക്കനട്ട് ടെസ്റ്റ ഓയിൽ. ഇത് വെളിച്ചെണ്ണ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിൽപ്‍പന. ബ്ലെൻഡഡ് വെജിറ്റബിൾ ഓയിലിൽ 20 ശതമാനം മാത്രമാണ് വെളിച്ചെണ്ണ. ബാക്കി 80 ശതമാനം പാമോയിലാണ്. ഇതിന്‍റെ ലേബലിൽ തേങ്ങയുടേയോ തെങ്ങിന്‍റേയോ ചിത്രം ഉൾപ്പെടുത്തി വെളിച്ചെണ്ണയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപന നടത്തുന്നുണ്ട്.
ഭക്ഷ്യവസ്തുവിന്‍റെ ലേബൽ വായിച്ച ശേഷം മാത്രം ഉപയോഗിക്കണമെന്നാണ് ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ വിൽക്കുന്നത് അഞ്ചു ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ഒന്നിലധികം തവണ ഇത്തരം പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ ലൈസന്‍സ് റദ്ദാക്കും. മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ലഭിച്ച ലബോറട്ടറി പരിശോധനാഫലങ്ങൾ പ്രകാരം സൂര്യ, ആയില്യം എന്നിവ ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

