ബാലാകോട്ട് വ്യോമാക്രണത്തിന് ശേഷം 43% നുഴഞ്ഞുകയറ്റം കുറഞ്ഞതായി സര്‍ക്കാര്‍
ന്യൂഡൽഹി: ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം കശ്മീർ അതിർത്തിയിലൂടെയുള്ള നുഴഞ്ഞു കയറ്റത്തിൽ കുറവ് വന്നതായി ആഭ്യന്തരമന്ത്രാലയം. ജമ്മു കശ്മീരിലെ സുരക്ഷാസംവിധാനങ്ങൾ വർദ്ധിപ്പിച്ചത് കാരണം കടന്നുകയറ്റം 43% ത്തോളം കുറഞ്ഞതായി ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായി ലോക്സഭയിൽ അറിയിച്ചു. രാജ്യാതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
2018 ൽ ഈ കാലയളവിൽ നടന്ന നുഴഞ്ഞുകയറ്റം ഇതിനിരട്ടിയായിരുന്നുവെന്ന് നിത്യാനന്ദ് റായി പറഞ്ഞു. ഫെബ്രുവരിയിൽ ഇന്ത്യ നടത്തിയ ബാലാകോട്ട് ആക്രമണത്തിന് ശേഷം ജമ്മു കശ്മീരിൽ സുരക്ഷാക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിരുന്നു. സംസ്ഥാനഭരണകൂടവുമായി സഹകരിച്ച് കേന്ദ്രം വിവിധവും ശക്തവുമായ സുരക്ഷാക്രമീകരണങ്ങൾ നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി അതിർത്തിയിൽ സൈനിക വിന്യാസം വർധിപ്പിക്കുകയും സുരക്ഷാസേനയ്ക്ക് അത്യാധുനിക ആയുധങ്ങൾ നൽകുകയും സൈനികനീക്കങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിക്കുകയും ചെയ്യുക വഴി അതിർത്തിയിലെ സുരക്ഷ വർധിപ്പിക്കാൻ സാധിച്ചതായി റായി കൂട്ടിച്ചേർത്തു.

