നോട്ട് നിരോധന കാലയളവിൽ നൽകിയ ‘ഓവർ ടൈം’ തുക എസ്.ബി.ഐ തിരിച്ചുപിടിക്കുന്നു

ന്യൂഡൽഹി : 2016ൽ നോട്ട് നിരോധനം നടപ്പാക്കിയ കാലയളവിൽ കൂടുതൽ സമയം ജോലി ചെയ്തതിന് ശന്പളത്തിനു പുറമെ നല്കിയ അധികതുക തിരിച്ചുപിടിക്കാൻ എസ്.ബി.ഐ നിർദേശം നല്കി.
നോട്ട് നിരോധിച്ച കാലയളവിൽ 2016 നവംബർ 14നും ഡിസംബർ 30നും ഇടയിൽ വൈകീട്ട് ഏഴുമണി കഴിഞ്ഞും ജോലി ചെയ്ത ജീവനക്കാർക്കാണ് പ്രതിഫലമായി കൂടുതൽ തുക നല്കിയിരുന്നത്. ഓഫീസർമാർക്ക് 30,000 രൂപയോളവും ക്ലറിക്കൽ ജീവനക്കാർക്കാർക്ക് 17,000 രൂപയോളവുമാണ് അധികമായി നൽകിയത്. എസ്.ബി.ഐ ശാഖകളിലെയും അഞ്ച് അനുബന്ധ ബാങ്കുകളിലെയും ജീവനക്കാർക്ക് നല്കിയ തുകയാണ് തിരിച്ചുപിടിക്കാൻ വിവിധ സോണുകൾക്ക് നിർദേശം നല്കിയിരിക്കുന്നത്. എസ്.ബി.ഐയിൽ ലയിക്കുന്നതിനു മുന്പ് അസോസിയേറ്റ് ബാങ്കുകളായിരുന്നപ്പോൾ നല്കിയ തുകയാണ് തിരിച്ചുപിടിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം നല്കിയ തുക തിരിച്ചുപിടിക്കാനുള്ള നീക്കത്തിനെതിരെ ജീവനക്കാരുടെ സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.