നാളെ മുതൽ യൂബർ ഈറ്റ്സിന്റെ സേവനം കൊച്ചിയിലും

കൊച്ചി: കൊച്ചിയിൽ നാളെ ഉച്ചയ്ക്ക് 12 മണി മുതൽ യൂബർ ഈറ്റ്സിന്റെ സേവനം ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങും. ഒരു രൂപ ഡെലിവറി ചാർജ്ജ് നിരക്കിൽ ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്പ് വഴി റെസ്റ്റോറന്റുകളിലെ ഭക്ഷണം ഓർഡർ ചെയ്ത് വാങ്ങാവുന്ന സേവനമാണിത്. ആദ്യഘട്ടത്തിൽ കലൂർ, പനന്പിള്ളി നഗർ, മറൈൻ ഡ്രൈവ്, എളംകുളം എന്നിവിടങ്ങളിലാണ് സേവനം ലഭിക്കുകയെന്ന് യൂബർ ഈറ്റ്സ് ഇന്ത്യ മേധാവി ഭവിക് റാത്തോഡ് പറഞ്ഞു. കൂടുതൽ മേഖലകളിലേക്ക് സേവനം വൈകാതെ വ്യാപിപ്പിക്കും.
ഇതിനകം 200 റെസ്റ്റോറന്റുകൾ കൊച്ചിയിൽ യൂബർ ഈറ്റ്സ് പട്ടികയിലുണ്ട്. അതുകൊണ്ട് തന്നെ ശരാശരി 35 മിനിറ്റിനകം ഓർഡർ ചെയ്ത ഭക്ഷണം ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. നിലവിൽ പേടിഎമ്മിലൂടെയോ നേരിട്ട് പണമായോ ബിൽ പേമെന്റ് നടത്താം. എന്നാൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് പേമെന്റ് സംവിധാനം താമസിക്കാതെ ലഭ്യമാക്കാനും കന്പനിക്ക് പദ്ധതിയുണ്ട്.
ഡെലിവറി വാഹനത്തെ ട്രാക്ക് ചെയ്യാനുള്ള ഓപ്ഷനും ആപ്പിൽ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കൾക്ക് ഡെലിവറി സമയം ഷെഡ്യൂൾ ചെയ്യാനും ഓർഡറുകൾ ക്യാൻസൽ ചെയ്യാനും യൂബർ ഈറ്റ്സ് ആപ്പിൽ സൗകര്യമുണ്ട്. ക്യാൻസലേഷന് പ്രത്യേക ഫീസുണ്ട്.