മാർച്ച് 15 മുതൽ ജെറ്റ് എയർവേസിൽ പുതിയ സർവ്വീസുകൾ

നെടുന്പാശേരി: പ്രമുഖ വിമാനക്കന്പനിയായ ജെറ്റ് എയർവേസ് മാർച്ച് 15ാം തീയതി മുതൽ പുതിയ അന്താരാഷ്ട്ര സർവ്വീസുകൾ ആരംഭിക്കുന്നു. അന്നേ ദിവസം ബാംഗ്ലൂരിൽ നിന്നും സിംഗപ്പൂരിലേയ്ക്ക് (പുതിയ ഫ്ളൈറ്റ് -9 ഡബ്ല്യു 26) രണ്ടാമത്തെ പ്രതിദിന വിമാന സർവ്വീസ് ആരംഭിക്കും. മുംബൈയ്ക്കും ഡൽഹിക്കും ശേഷം കന്പനിയുടെ മൂന്നാമത്തെ ഹബ്ബായി മാറുന്ന ബംഗളൂരുവിലെ സാന്നിധ്യം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് സിംഗപ്പൂരിലേയ്ക്ക് രണ്ടാമത്തെ പ്രതിദിന സർവ്‍വീസ് ജെറ്റ് എയർവേസ് ആരംഭിക്കുന്നത്. ഇപ്പോൾ ഇവിടെ നിന്ന് ഇന്ത്യയിലെ 44 ലക്ഷ്യങ്ങൾ ഉൾപ്പെടെ 64 ആഗോള ലക്ഷ്യങ്ങളിലേയ്ക്ക് സർവ്വീസ് നടത്തുന്നുണ്ട്.
ഇന്ത്യൻ സമയം 2:05ന് ബംഗളൂരൂവിൽ നിന്നും പുറപ്പെട്ട് പ്രാദേശിക സമയം 9:15ന് സിംഗപ്പൂരിൽ എത്തും. മടക്കയാത്ര സിംഗപ്പൂരിൽനിന്ന് പ്രാദേശിക സമയം 10:15ന് പുറപ്പെട്ട് ബംഗളൂരുവിൽ 12:10ന് എത്തും. ഇവിടെനിന്ന് ചെന്നൈ, കോയന്പത്തൂർ, ഹൈദരാബാദ്, മാംഗളൂർ എന്നിവിടങ്ങളിലേയ്ക്ക് ജെറ്റ് എയർവേസിന്‍റെ കണക്ഷൻ ഫ്ളൈറ്റുകൾ ലഭ്യമാണ്. പുതിയ ഫ്ളൈറ്റ് ആരംഭിക്കുന്നതിന്‍റെ ഭാഗമായി ബംഗളുരൂവിൽനിന്ന് 11,768 രൂപയുടെ പ്രത്യേക റിട്ടേൺ ഇക്കോണമി നിരക്കും പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 15 മുതൽ ഈ ടിക്കറ്റിൽ യാത്ര ചെയ്യാം.
ഗരുഡ, മലേഷ്യൻ എയർലൈൻസ് എന്നീ കോഡ്ഷെയർ പങ്കാളികളുടെ സഹായത്തോടെയാണ് ജെറ്റ് എയർവേസ് കണക്ഷൻ ഫ്ളൈറ്റ് സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. ക്വാലാലംപുർ, ജക്കാർത്ത, ഡെന്‍പസാർ/ബാലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കന്പനി കണക്ഷൻ ഫ്ളൈറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്.