യാത്രക്കാരെ ആകര്‍ഷിക്കാന്‍ കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുറച്ചു

മസ്‌കത്ത്: പെരുന്നാളും ഓണവും ഒത്തു വരുന്ന സെപ്തംബറില്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ വിമാനക്കമ്പനികള്‍ നിരക്കു കുറച്ചുള്ള യുദ്ധത്തിനൊരുങ്ങുന്നു. ഒമാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള നിരക്കുകളിലാണ് കുറവ് അനുഭവപ്പെടുന്നത്.
സുല്‍ത്താനേറ്റിന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ ഇന്ത്യയിലെ ഏതാനും സ്ഥലങ്ങളിലേക്ക് നിരക്കു കുറച്ചുള്ള ഓഫര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. പരിമിത കാലത്തേക്ക് മാത്രമായിരിക്കും ആനുകൂല്യം നിലനില്‍ക്കുക. ആഗസ്ത് 15ന് മുന്‍പ് ദ്വിവശ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 80 റിയാല്‍ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
ഒമാനില്‍ നിന്നും മുംബൈ, ഹൈദരാബാദ് നിരക്കുകള്‍ 75-85 ഒമാന്‍ റിയാലാണ്. മറ്റു ഇന്ത്യന്‍ പ്രദേശങ്ങളിലേക്കും ഇറുവശ ടിക്കറ്റിന് 150 റിയാലില്‍ താഴെയാണ് നിരക്ക്.സാധാരണ ഗതിയില്‍ ഒരു കമ്പനി നിരക്ക് കുറച്ചാല്‍ മറ്റു കമ്പനികള്‍ അതേ പാത സ്വീകരിക്കും. ചില കമ്പനികള്‍ ഓണ്‍ലൈന്‍ ഓഫറുകളും പ്രഖ്യാപിക്കാറുണ്ട്. മൊബൈല്‍ ആപ്ലിക്കേഷനില്‍ മാത്രമായി ഓഫര്‍ നല്‍കുന്ന പതിവും കമ്പനികള്‍ക്കുണ്ട്. ഖത്തര്‍ എയര്‍വേയ്‌സ്, ഫ്‌ളൈ ദുബൈ തുടങ്ങിയ കമ്പനികളും ഓഫറുകള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് യാത്രാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
എയര്‍ ഇന്ത്യ ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഫര്‍ നല്‍കുന്ന പതിവുണ്ട്. എന്നാല്‍ പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് മസ്‌കത്ത് കണ്‍ട്രി മാനേജര്‍ ബി.പി കുല്‍ക്കര്‍ണി പറഞ്ഞു. ജെറ്റ് എയര്‍വേയ്‌സ് പതിമിത ഓഫറില്‍ 10 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, മുംബൈ, ഡല്‍ഹി റൂട്ടുകളിലും ഓഫറുണ്ടെന്ന് ജെറ്റ് എയര്‍വെയസ് മസ്‌കത്ത് പ്രതിനിധി വ്യക്തമാക്കി. കൊച്ചി, തിരുവനന്തപുരം നിരക്കുകള്‍ 140 റിയാലില്‍ താഴെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭ്യമാകുക. മുന്നോട്ടു പോകും തോറും നിരക്ക് കുതിച്ചുയരുന്നതാണ് വിമാന യാത്രക്കാരുടെ അനുഭവം.