യുകെയുമായി ബഹ്‌റൈൻ ധാരണാപത്രം ഒപ്പുവച്ചു

ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തിന്റെ ബ്രിട്ടൺ സന്ദർശനം ഇരു രാജ്യങ്ങൾക്കും നേട്ടമാകുന്നു. സന്ദർശനവേളയിൽ തന്ത്രപ്രധാനമായ നിക്ഷേപവും സഹകരണ പങ്കാളിത്തവും സംബന്ധിച്ച് യുകെയുമായി ബഹ്‌റൈൻ ധാരണാപത്രം ഒപ്പുവച്ചത് ഏറെ പ്രതീക്ഷകൾക്ക് വക നൽകുന്നതാണ്. സോവറിൻ വെൽത്ത് ഫണ്ട് മുംതലകത്ത്, ഇൻവെസ്റ്റ്‌കോർപ്പ്, ജിഎഫ്എച്ച് ഫിനാൻഷ്യൽ ഗ്രൂപ്പ്, ഒസൂൾ അസറ്റ് മാനേജ്‌മെന്റ് എന്നിവ വഴി ബഹ്‌റൈനിലെ സ്വകാര്യമേഖലയിൽ നിന്ന് യുകെ സമ്പദ്‌വ്യവസ്ഥയിലേക്ക് 1 ബില്യൺ പൗണ്ട് നിക്ഷേപം നടത്താൻ ഈ കരാർ സഹായിക്കും.
ക്ലീൻ ടെക്‌നോളജി, ബിസിനസ് സേവനങ്ങൾ, ഉൽപ്പാദനം തുടങ്ങിയ മേഖലകളിലെ നിക്ഷേപം സുഗമമാക്കാനാണ് കരാർ ലക്ഷ്യമിടുന്നത്. സുരക്ഷ, പ്രതിരോധം, വ്യാപാരം എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന യുകെയും ബഹ്‌റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ അടുത്ത അദ്ധ്യായമാണ് പുതിയ കരാറിലൂടെ ആരംഭിച്ചിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഓഫീസ് വ്യക്തമാക്കി. മെയ് മാസത്തിൽ യുകെ ട്രേഡ് സെക്രട്ടറി കെമി ബാഡെനോക്ക് നടത്തിയ ഗൾഫ് സന്ദർശനത്തിന്റെ പിന്നാലെയാണ് ബഹ്റൈനും യുകെയും തമ്മിലുള്ള കരാർ നിലവിൽ വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
്്പു്ിപ