ബഹ്റൈനിലെത്തുന്നവർക്ക് ഇനി വിമാനത്താവളത്തിൽ 12 ദിനാറിന്റെ മാത്രം കോവിഡ് പരിശോധന

ബഹ്റൈനിൽ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രഖ്യാപ്പിച്ച നിയന്ത്രണങ്ങൾ തുടരുമെന്ന് ദേശീയ കോവിഡ് പ്രതിരോധസമിതി അംഗങ്ങൾ ഇന്ന് വൈകീട്ട് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഇത് കൂടാതെ ജനവരി 9, ഞായറാഴ്ച്ച മുതൽ ബഹ്റൈനിലെത്തുന്നവർക്ക് ഇനി വിമാനത്താവളത്തിൽ വെച്ചുള്ള കോവിഡ് ടെസ്റ്റ് മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും പ്രതിരോധ സമിതി അംഗങ്ങൾ അറിയിച്ചു. ഇതിന് 12 ദിനാറാണ് മുൻക്കൂറായി അടക്കേണ്ടത്. നേരത്തേ ഇത് മൂന്ന് ടെസ്റ്റും 36 ദിനാർ ഫീസുമായിരുന്നു.
ഇതോടൊപ്പം ബഹ്റൈനിലെത്തുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പിസിആർ ടെസ്റ്റ് സെർട്ടിഫിക്കേറ്റ് കൈവശം വെക്കേണ്ടതാണെന്ന് പ്രതിരോധ സമിതി അംഗവും, ആരോഗ്യമന്ത്രാലയം അണ്ടർസെക്രട്ടറിയുമായ ഡോ വലീദ് അൽ മെന വ്യക്തമാക്കി. നിലവിൽ കോവിഡ് വ്യാപനത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം കുറവാണെന്നും ആരോഗ്യഅധികൃതർ വ്യക്തമാക്കി. പ്രതിരോധ സമിതി അംഗം മനാഫ് അൽ കഹ്താനിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.