ബഹ്റൈൻ വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ പ്രവർത്തനമാരംഭിക്കുന്നു
മനാമ: ജനവരി 28 മുതൽക്കാണ് പുതിയ യാത്ര ടെർമിനൽ പ്രവർത്തനമാരംഭിക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നലെ ഇവിടെ സന്ദർശിച്ച ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് നടത്തിയത്. ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ, ധനകാര്യ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, ഗതാഗത മന്ത്രി കമാൽ ബിൻ അഹമദ് എന്നിവരും അദ്ദേഹത്തിനെ അനുഗമിച്ചു. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ രാജ്യത്ത് നടന്ന ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നാമത്തേതാണ് വിമാനത്താവള വികസന പദ്ധതി. പുതിയ പാസഞ്ചർ ടെർമിനൽ വരുന്നതോടെ ഒരു വർഷം പതിനാല് മില്യൺ യാത്രക്കാരെ സ്വീകരിക്കാനുള്ള പ്രാപ്തിയാണ് ബഹ്റൈൻ വിമാനത്താവളത്തിന് ഉണ്ടാകുന്നത്. 5500 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, കൂടുതൽ വിശാലമായ ഡ്യൂട്ടി ഫ്രീ ഷോപ്പിങ്ങ് ഏരിയകൾ, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി രണ്ട് വിശാലമായ ലോഞ്ചുകൾ, സ്വകാര്യ ജെറ്റ് വിമാന ഉടമകൾക്കും യാത്രക്കാർക്കുമായി പ്രത്യേക സൗകര്യം, എന്നിവ കൂടാതെ അത്യാധുനിക സുരക്ഷാസംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

