കേരളത്തിന്റെ നേട്ടങ്ങള്‍ തകര്‍ക്കാൻ പ്രതിപക്ഷ-സംഘപരിവാര്‍ ശ്രമം: വെബിനാര്‍
മനാമ: കേരളം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമങ്ങളെയും കേന്ദ്ര ഏജന്‍സികളെയും കൂട്ടുപിടിച്ച് ഇടതുപക്ഷത്തിനെതിരെ സംഘപരിവാര്‍ ആക്രമണം നടത്തുന്നതെന്ന് 'ഒന്നാണ് കേരളം, ഒന്നാമതാണ് കേരളം' ബഹ്‌റൈന്‍ കൂട്ടായ്മ സംഘടിപ്പിച്ച വെബിനാര്‍ അഭിപ്രായപ്പെട്ടു. വ്യാജ വാര്‍ത്തകളിലൂടെ കേരളത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് സംഘപരിവാര്‍ ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. കേരളത്തിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് ബാധ്യതയുണ്ടെന്നും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അത് പ്രതിഫലിപ്പിക്കണമെന്നും വെബിനാര്‍ ആഹ്വാനം ചെയ്തു.
പ്രശസ്ത സിനിമ നിരൂപകനും ചിന്ത പബ്ലിഷേഴ്‌സ് മുന്‍ ജനറല്‍ മാനേജരുമായ കെകെ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ സ്വാഗതം പറഞ്ഞ വെബിനാറില്‍ അനസ് യാസിന്‍ മോഡറേറ്ററായി. തുടര്‍ന്ന് നടന്ന ചര്‍ച്ചയിൽ എന്‍.കെ സുഹൈല്‍, ഫൈസല്‍ എഫ്എം, പ്രതിഭ ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാര്‍, വിപിന്‍, കാസിം, റെയ്‌സൺ വര്‍ഗീസ്, ലത്തീഫ് മരക്കാട്ട്, നിധിന്‍ കൊല്ലം, ഷിബു പത്തനംതിട്ട, നജീബ് കോട്ടയം, അനില്‍ കണ്ണപുരം എന്നിവരും സംസാരിച്ചു. ഷരീഫ് കോഴിക്കോട് നന്ദി പറഞ്ഞു.
