സ്വർണക്കടത്തിൽ ഉൾപ്പെട്ട ഉന്നതനെന്ന ആരോപണം തള്ളി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെതിരെ ആരോപണം കടുപ്പിച്ച സാഹചര്യത്തിൽ വിശദീകരണവുമായി സ്പീക്കറുടെ ഓഫീസ്. സ്പീക്കറുമായും സ്പീക്കറുടെ ഓഫീസുമായും ബന്ധപ്പെടുത്തി കൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.
സ്പീക്കറുടെ വിദേശയാത്രകളെല്ലാം തീർത്തും സുതാര്യവും ചട്ടവിധേയമായിട്ടുമാണ്. വിവിധ സംഘടനകളുടെ ക്ഷണം സ്വീകരിച്ചും സഹോദരൻ വിദേശത്തായതിനാൽ കുടുംബത്തോടൊപ്പം സ്പീക്കർ വിദേശത്തേക്ക് പോയിട്ടുണ്ട്. ഈ യാത്രകളുടെയെല്ലാം വിശദാംശങ്ങൾ സ്പീക്കറുടെ ഓഫീസിൽ നിന്നും ആർക്കും ലഭ്യമാണ്. എംബസിയെ അറിയിച്ചാണ് വിദേശയാത്രകൾ സ്പീക്കർ ഇതുവരെ നടത്തിയതും.
എന്നിട്ടും ഇതുമായി ബന്ധപ്പെട്ടുള്ള അനാവശ്യവിവാദങ്ങൾ സൃഷ്ടിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. തെറ്റായ ഒരു വാര്‍ത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയായ ഒരു കാര്യമല്ലെന്നും വാർത്താക്കുറിപ്പിലുണ്ട്.
