ബഹ്റൈനിൽ നിന്നെത്തി ക്വാറൻറീൻ പൂർത്തിയാക്കി വീട്ടിലെത്തിയ ദിവസം പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

മനാമ: ബഹ്റൈനിൽ നിന്ന് നാട്ടിലെത്തി ക്വാറൻറീൻ കാലയളവ് പൂർത്തിയാക്കി വീട്ടിലെത്തിയ പ്രവാസി ഹൃദയാഘാതത്തെത്തുടർന്ന് നാട്ടിൽ നിര്യാതനായി. കണ്ണൂർ വളപട്ടണം സ്വദേശി പി.എം ഷഹീദ് (69) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടുകാർക്കൊപ്പം ഇരിക്കുന്പോഴാണ് കുഴഞ്ഞുവീണ് മരണം സംഭവിച്ചത്. രണ്ടാഴ്ച മുന്പ് നാട്ടിലെത്തിയ ഇദ്ദേഹം കണ്ണൂർ ധർമ്മശാലയിലെ ഹോട്ടലിൽ ക്വാറൻറീൻ പൂർത്തിയാക്കി ഇന്നലെ രാവിലെയാണ് വളപട്ടണത്തെ വീട്ടിൽ എത്തിയത്.
സെൻട്രൽ മാർക്കറ്റിലെ അൽ ഷറഫ് ട്രേഡിങ് കന്പനിയിൽ ഡ്രൈവറായിട്ടായിരുന്നു തന്റെ 25ാം വയസ്സിൽ ഷഹീദ് പ്രവാസം തുടങ്ങിയത്. 25 വർഷം അവിടെ തുടർന്നു. പിന്നീടാണ് 2004ൽ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനിൽ എത്തിയത്. 2014ൽ മികച്ച ജീവനക്കാരനുള്ള പുരസ്കാരം ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയിൽനിന്ന് ഏറ്റുവാങ്ങാനുള്ള ഭാഗ്യവും ഷഹീദിനുണ്ടായി. 20 വർഷം കുടുംബം ഒപ്പമുണ്ടായിരുന്നു. പിന്നീട്, മക്കളുടെ പഠനവും ജോലിയുമൊക്കെയായി ബന്ധപ്പെട്ട് കുടുംബം നാട്ടിലേക്ക് പോയി. ഭാര്യ: റസിയ. മക്കൾ: നജിത, നാസിയ, നബീലു.