ആഗോള റീട്ടെയ്ൽ മേഖലയിലെ മുൻനിര കന്പനികളുടെ പട്ടികയിൽ ലുലു ഹൈപ്പർ മാർക്കറ്റും

മനാമ: ആഗോള റീട്ടെയ്ൽ മേഖലയിലെ മുൻനിര കന്പനികളുടെ പട്ടികയിൽ ലുലു ഹൈപ്പർമാർക്കറ്റും മാജിദ് അൽ ഫുത്തൈം ഗ്രൂപ്പിന്റെ ക്യാരിഫോറും ഇടം പിടിച്ചു. പട്ടികയിൽ ഇടംപിടിച്ച മലയാളി ഉടമസ്ഥതയിലുള്ള ഏക സ്ഥാപനമാണ് ലുലു ഹൈപ്പർ മാർക്കറ്റ്. യുഎഇയിൽ നിന്ന് ലുലു ഹൈപ്പർമാർക്കറ്റ് പട്ടികയിൽ ഇടം പിടിച്ചത്. അമേരിക്കൻ കന്പനിയായ വാൾമാർട്ടാണ് പട്ടികയിൽ മുന്നിൽ. ഇന്ത്യയിലെ റിലയൻസ് റീട്ടെയ്‌ലും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് വിവിധ രാജ്യങ്ങളിൽ കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ അബുദാബി, ഈജിപ്തിലെ കയ്റോ, ഇൻഡൊനീഷ്യയിലെ ജക്കാർത്ത എന്നിവിടങ്ങളിലായി മൂന്ന് ഹൈപ്പർമാർക്കറ്റുകളാണ് ലുലു ഗ്രൂപ്പ് തുറന്നത്.
യുഎയിൽ ഒരുവർഷം 8 മുതൽ 12 വരെ ഹൈപ്പർ മാർക്കറ്റുകൾ തുറക്കുന്നതിനൊപ്പം ജിസിസി രാജ്യങ്ങൾ, ഈജിപ്ത്, ഇൻഡൊനീഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഹൈപ്പർ മാർക്കറ്റുകൾ ഉടൻ തുറക്കാനുള്ള പദ്ധതിയിടുന്നുണ്ട്.
ഇതിനു പുറമേ, കേരളത്തിലെ തൃശ്ശൂർ, കോട്ടയം, കാസർകോട്, പെരിന്തൽമണ്ണ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ഹൈപ്പർ മാർക്കറ്റുകൾ തുറക്കും. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ ആരംഭിച്ചതായി ലുലുഗ്രൂപ്പ് ചെയർമാൻ യൂസഫലി അറിയിച്ചു.