തൊഴിലുടമയ്ക്കൊപ്പം തൊഴിലാളികളുടെ ഓണാഘോഷം

മനാമ: ബഹ്റിനിൽ വ്യത്യസ്ത സംഘടനകളുടെ ഓണാഘോഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ഓണാഘോഷം ശ്രദ്ധേയമായി. ബഹ്റിൻ അറബ് ഷിപ്പ് ബിൽഡിംഗ് ആൻഡ് റിപ്പയർ യാർഡ് (അസ്രി) കന്പനിയിലെ സബ് കോൺട്രാക്ടിംഗ് കന്പനിയായ ഖേയ്ർ അൽവത്വൻ ഗ്രൂപ്പ് ഓഫ് കന്പനി ഉടമയും, ബഹ്റിനി സ്വദേശിയുമായ അലി ഹുസ്സൈൻ അലി തന്റെ തൊഴിലാളികളോടൊപ്പമിരുന്ന് വാഴയിലയിൽ സദ്യയുണ്ടപ്പോഴാണ് ഓണാഘോഷത്തിന് ഇരട്ടിമധുരം കൈവന്നത്. ചെയർമാനൊപ്പം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ റാഷിദ് അലി ഹുസ്സൈൻ, മാനേജിംഗ് ഡയറക്ടർ ജോജൻ എന്നിവരും തൊഴിലാളികൾക്കൊപ്പം ഓണം ആഘോഷിക്കാനായി എത്തി.
സദ്യ വിളന്പാനായി വാഴയിലയിട്ടപ്പോൾത്തന്നെ അലി ഹുസ്സൈനും, റാഷിദ് അലിയും തൊഴിലാളികൾക്കൊപ്പം സദ്യയുണ്ണാനായി ഇരുന്നു. മലയാളിയുടെ ഇഷ്ടവിഭവങ്ങൾ ബഹ്റിനികളായ തൊഴിലുടമകൾ നന്നായി ആസ്വദിച്ചു. കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന തങ്ങളുടെ സ്ഥാപനം മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ അർപ്പണ മനോഭാവവും കൂട്ടായ്മയും മൂലമാണ് വിജയത്തിലെത്തിയതെന്ന് അലി ഹുസ്സൈനും, റാഷിദ് അലിയും തങ്ങളുടെ പ്രസംഗത്തിൽ സൂചിപ്പിച്ചത് തൊഴിലാളികൾക്കും ആവേശമായി. 700ഓളം തൊഴിലാളികളാണ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്. ജനറൽ കൺവീനർ ഗോവിന്ദരാജനെ ചടങ്ങിൽ ആദരിച്ചു. ഇതോടനുബന്ധിച്ചു നടന്ന കലാ−കായിക മത്സരങ്ങൾക്ക് ഷിബു ജോൺ നേതൃത്വം നൽകി. സേഫ്റ്റി ഓഫീസർ സിബിൻ സമ്മാനദാനം നിർവ്വഹിച്ചു. ഗോവിന്ദരാജിന്റെ നേതൃത്വത്തിൽ ഗാനമേളയുമുണ്ടായിരുന്നു. ജുഫയർ ഗ്രിൽ ആൻഡ് ചിൽ റെസ്റ്റോറന്റിലാണ് ആഘോഷം സംഘടിപ്പിച്ചത്.