വിമാന സർവ്വീസ് കുറയ്ക്കണമെന്ന നിർദ്ദേശം: സംസ്ഥാന സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് ബഹ്‌റൈൻ കെ.എം.സി.സി


മനാമ: ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന സർവ്‍വീസുകൾ പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് അയച്ചത് പ്രതിഷേധാർഹമാണെന്നും ഇതിലൂടെ സംസ്ഥാന സർക്കാരിന്റെ പൊള്ളത്തരങ്ങൾ കൂടുതൽ വ്യക്തമാവുകയാണെന്നും ബഹ്‌റൈൻ കെ.എം.സി.സി. മുഖ്യമന്ത്രി ഓരോദിവസം കഴിയുന്പോഴും പ്രവാസികളോട് നീതികേട് കാണിക്കുകയാണ്. സർക്കാരിന്റെ കെടുകാര്യസ്ഥത മറയ്ക്കാൻ മുഖ്യമന്ത്രി പ്രവാസികളുടെ ജീവൻ വച്ച് പന്താടുകയാണ്. ഏതാണ്ട് ഇരുന്നൂറോളം പ്രവാസി മലയാളികൾക്കാണ് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടമായത്. ഈ ഭീതികരമായ സാഹചര്യത്തിൽ കൈത്താങ്ങാവേണ്ട സർക്കാർ കൈയൊഴിയുന്നത് ഖേദകരമാണെന്നും പ്രവാസലോകത്തോടുള്ള വഞ്ചനയാണെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ്‍ എന്നിവർ പറഞ്ഞു.

മാധ്യമങ്ങൾക്ക് മുന്‍പിൽ വാചക കസർത്ത് നടത്തുന്നതിന് പകരം അത് പ്രവർത്തികളിൽ പ്രകടമാക്കാൻ സംസ്ഥാന സർക്കാരിന് കഴിയണം. നേരത്തെ ക്വാറന്റൈൻ വിഷയത്തിലും സംസ്ഥാന സർക്കാർ പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. എല്ലാ കാര്യത്തിലും പ്രവാസികളെ അന്യവൽക്കരിക്കാനാണ് മുഖ്യമന്ത്രിയും ഭരണകൂടവും ശ്രമിക്കുന്നത്. പ്രവാസികൾ രോഗവാഹകരാണെന്ന ഒരു മന്ത്രിയുടെ പരാമർശം ഇതിന് തെളിവാണ്. പ്രവാസികൾക്കുമേലെയുള്ള ഇത്തരം ധാർഷ്ഠ്യങ്ങൾ മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യങ്ങളൊരുക്കാൻ സംസ്ഥാനം തയാറാകണമെന്നും നേതാക്കൾ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed