രാജ്യത്തെ കൊവിഡ് കേസുകൾ രണ്ട് ലക്ഷം കടന്നു

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് കേസുകൾ രണ്ട് ലക്ഷം കടന്നു. 207615 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 8909 പേർക്ക്. 270 പേരാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധയേറ്റ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 5815 ആയി.
കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷത്തിലേക്ക് എത്താനെടുത്തത് 15 ദിവസമാണ്. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 110ആം ദിവസമാണ് സംഖ്യ ഒരു ലക്ഷം കടന്നത്. രണ്ട് ലക്ഷമാകുന്നത് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 125ആം ദിവസമാണ്. അതേസമയം, രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 50 ശതമാനത്തിലേക്ക് അടുക്കുകയാണ്.
മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 72,000വും ഡൽഹിയിൽ 22000വും കടന്നു. കൊവിഡ് കണക്കുകൾ കൃത്യമല്ലെന്ന പരാതി ഉയരുന്നതിനിടെ ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബായ്ജാൽ നേരിട്ട് ഇടപെട്ടു. രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിച്ചു. സെറോ സർവേയുടെ ഫലം അടുത്ത ആഴ്ച്ച പുറത്തുവരുന്പോൾ രാജ്യത്തെ കൊവിഡ് വ്യാപനം വ്യക്തമാകുമെന്ന് ഐസിഎംആർ അറിയിച്ചു.