എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണം: അനുശോചനം രേഖപ്പെടുത്തി ബഹ്റൈനിലെ സംഘടനകൾ


മനാമ: മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭാ അംഗവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ബഹ്റൈനിലെ വിവിധ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി..

മികച്ച പ്രഭാഷകനും എഴുത്തുകാരനും ഭരണാധികാരിയും പത്രാധിപരുമായ് രാഷ്ട്രീയ സാമൂഹിക സാസ്കാരിക മേഖലകളിൽ പതിറ്റാണ്ടുകളായി നിറഞ്ഞു നിന്ന വ്യക്തിത്വമാണ് വീരേന്ദ്രകുമാറിന്‍റെ വിയോഗത്തോടെ നഷ്ടമാകുന്നതെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ വലിയ പങ്കു വഹിച്ച രാഷ്ട്രീയ നേതാവായിരുന്നു വീരേന്ദ്രകുമാർ‍ എന്നും സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസതാവനയിൽ അനുസ്മരിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. മതേതര നിലപാടുകളിൽ ഉറച്ചു നിന്നു മനുഷ്വത്യം ഉയർത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാർ. സമകാലിക ഇൻഡ്യയുടെ നേർക്കാഴ്ചകൾ 

അദ്ദേഹത്തിന്റെ രചനകളിൽ നിഴലിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ജനാധിപത്യ ഇന്ത്യക്കു നികത്താനാകാത്ത നഷ്ടമാണെന്നു സംഘടന  അനുശോചനകുറിപ്പിലൂടെ അറിയിച്ചു.

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ആഗോളവൽക്കരണത്തിനെതിരെയും മൂലധനശക്തികൾക്കെതിരെയുമുള്ള അദ്ദേഹത്തിന്റെ നിരവധി കൃതികൾ ശ്രദ്ധേയമായിരുന്നു. അഭിപ്രായവിത്യാസവും വീക്ഷണവ്യത്യാസങ്ങളും വെച്ചു പുലർത്തികൊണ്ട് തന്നെ മറ്റുള്ളവരോട് സൗഹൃദം കാത്ത് സൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി  രാജു കല്ലുന്പുറം വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. രാജ്യത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാങ്ങൾക്ക് അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. 

ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയും വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യാ മഹാരാജ്യത്ത് മതേതര ജനാധിപത്യ ശക്തികൾക്ക് എല്ലാക്കാലവും ഊർജവും ശക്തിയും പകർന്ന നേതാവായിരുന്നു വീരേന്ദ്ര കുമാർ കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിയിലും ഇടതു പക്ഷ മുന്നണിയിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വിയോഗം മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് തീരാ നഷ്ടമാണെന്ന് ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അനുശോചന സന്ദേശത്തിൽ അറിയിച്ചു. 

You might also like

Most Viewed