എ ടി എം ബ്ലോക്കെന്ന് ഫോൺ; വ്യാജമെന്ന് സെൻട്രൽ ബാങ്ക്

മനാമ:എ ടി എം ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നു വിവരം നൽകി സെൻട്രൽ ബാങ്കിന്റെ പ്രതിനിധി എന്ന നിലയിൽ ഉപഭോക്താക്കളെ ദുബായിൽ നിന്നും ബഹ്‌റൈനിൽ നിന്നും വിളിക്കുന്നത് വ്യാജന്മാരെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. ഇത് ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരം ചോർത്താനാണെന്നും അത്തരം ഒരു നടപടി ബാങ്കിന്റെ ഭാഗത്ത് നിന്ന് ഇല്ലെന്നും ബഹ്‌റൈൻ സെൻട്രൽ ബാങ്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വ്യക്തമാക്കി .. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാളികൾ അടക്കമുള്ള നിരവധി പേരെയാണ് ഇക്കാര്യം പറഞ്ഞ് ദുബായിൽ നിന്നും വിളിക്കുന്നതായി പരാതി ലഭിച്ചത്. വാട്സ്ആപ്പിൽ വിളിക്കുന്ന വ്യക്തി വിശദ വിവരങ്ങൾക്ക് ബഹ്‌റൈനിലെ ഒരു എസ് ടി സി നമ്പറും നൽകുന്നുണ്ട്. ഈ നമ്പറിൽ ഫോർ പി എം ന്യൂസ് ബന്ധപ്പെട്ടപ്പോഴും ബഹ്‌റൈനിൽ ഫോൺ എടുത്ത വ്യക്തി സെൻട്രൽ ബാങ്കിന്റെ പ്രതിനിധി ആണെന്നും അദ്ദേഹം അയച്ചു നൽകുന്ന ലിങ്കിന്റെ അടിസ്‌ഥാനത്തിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നുമാണ് അറിയിച്ചത്. ഇത്തരത്തിൽ വിളികൾ ലഭിച്ച നിരവധി ആളുകൾ ബാങ്കുകളെ സമീപിച്ചതിന്റെ അടിസ്‌ഥാനത്തിൽ ആണ് സെൻട്രൽ ബാങ്ക് ഇൻസ്റ്റാഗ്രാമിലൂടെ ഇത്തരം ഒരു അറിയിപ്പ് നൽകിയിരിക്കുന്നത്.