ദുരിതജീവിതത്തിന് വിട; സുലൈമാൻ നാളെ നാട്ടിലേക്ക്

മനാമ: ദുരിതപൂർണമായ കാലവസ്ഥകൾക്കിടയിലും കയറിക്കിടക്കാൻ ഇടമില്ലാതെ ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് മനാമയിലെ ഒരു കെട്ടിടത്തിലെ ടെറസ്സിൽ താമസിച്ചു വരികയായിരുന്ന കൊല്ലം സ്വദേശിയായ സുലൈമാൻ സുമനസ്കരായ ആളുകളുടെ പ്രവർത്തനഫലമായി നാളെ നാട്ടിലേക്ക് മടങ്ങുന്നു. സുലൈമാന്റെ ദുരവസ്ഥയെ കുറിച്ച് ഫോർ പി.എം ന്യൂസിന്റെ ഫേസ്ബുക്ക് പേജിലൂടെ നൽകിയ വാർത്തയെ തുടർന്നാണ് പുറംലോകം ഇക്കാര്യം അറിയുന്നതും തുടർന്ന് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് ബഹ്റൈനിലെ മറ്റ് മാധ്യമ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും രംഗത്ത് വരികയും ചെയ്തത്. ബഹ്റൈൻ കെ.എം.സിസിയുടെ പ്രവർത്തകനായ ബാദുഷ തേവലക്കരയുടെയും സ്തുത്യർഹമായ ഇടപെടലുകളാണ് സുലൈമാന് നാട്ടിലേക്കുള്ള മടക്കം വേഗത്തിൽ സാധ്യമാക്കി കൊടുത്തത്. സുലൈമാന് തുടക്കം മുതൽ വസ്ത്രം, ഫോൺ, ഭക്ഷണം തുടങ്ങിയ സഹായങ്ങൾ നൽകിയത് കെ.എം.സിസി പ്രവർത്തകരായിരുന്നു. ഇന്നലെയാണ് യാത്രാവിലക്കും, പിഴയും ഒഴിവാക്കി സുലൈമാന് എമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചത്. ഇതോടൊപ്പം ഇന്ത്യൻ എംബസി അടക്കമുള്ള ഇടങ്ങളിൽ നിന്ന് സുലൈമാന്റെ കാര്യത്തിൽ വളരെ പെട്ടെന്ന് അനുകൂലമായ സമീപനം ഉണ്ടാവുകയായിരുന്നു. തന്റെ നാട്ടിലേക്കുള്ള മടക്കം ഏറെ സന്തോഷം നൽകുന്നുവെന്നും, ഒരിക്കലും ഇത്തരത്തിലുള്ള ഒരു അനുകൂല അവസ്ഥ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും പറഞ്ഞ സുലൈമാൻ, തന്റെ ദുരിത ജീവിതത്തെ പറ്റി പുറംലോകത്തെ അറിയിച്ച ഫോർ പി.എം ന്യൂസ് പ്രവർത്തകർ, മറ്റ് മാധ്യമങ്ങൾ, കെ.എം.സി.സിയുടെയും മറ്റ് സാമൂഹ്യസംഘടനകളുടെയും പ്രവർത്തകർ, എംബസി, എമിഗ്രേഷൻ അധികൃതർ, ബാദുഷ തേവലക്കര, ബിനീഷ്, സന്തോഷ്, അനീഷ് തുടങ്ങിയ സുഹൃത്തുക്കൾക്കും നന്ദി അറിയിച്ചു.
പ്രായമായ അമ്മയും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന സുലൈമാന്റെ കുടുംബം വാടക വീട്ടിലാണ് താമസിക്കുന്നത്. കൂടാതെ പെൺമക്കളുടെ വിവാഹത്തെ തുടർന്ന് കടബാധ്യതയിലാണ് ഈ കുടുംബം ഇപ്പോൾ. നാട്ടിലെത്തുന്പോൾ ഭൂമിയോ കിടപ്പാടമോ ഇല്ലാതെ സാന്പത്തികമായി ഏറെ കഷ്ടത അനുഭവിക്കുന്ന സുലൈമാന് ഇനിയും സഹായങ്ങൾ ആവശ്യമുണ്ടെന്നും അതിനായി എല്ലാവരുടെയും പിന്തുണയും സഹായങ്ങളും വേണമെന്ന് കെ.എം.സി.സി പ്രവർത്തകർ അറിയിച്ചു. ഇദ്ദേഹത്തെ സഹായിക്കാൻ താൽപര്യമുള്ളവർക്ക് 36451199 (സുലൈമാൻ), 33311919 (തേവലക്കര ബാദുഷ) കെ.എം.സിസി സൗത്ത് സോൺ കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ നന്പറുകളിൽ വിളിക്കാവുന്നതാണ്. കൊല്ലം ചവറ തേവലക്കര പഞ്ചായത്തിലെ പാലക്കൽ വാർഡിൽ നിന്നുള്ള സുലൈമാൻ 10 വർഷം മുന്പാണ് ബഹ്‌റൈനിൽ എത്തിയത്.