ഞങ്ങളുടെ വോട്ടിനെ സംബന്ധിച്ച് ആശങ്ക വേണ്ട, സി.പി.എം ആരോപണം തോൽവി ഭയന്ന്: കെ.സുരേന്ദ്രൻ


തിരുവനന്തപുരം: ബി.ജെ.പി വോട്ടുമറിച്ചെന്ന സി.പി.എം ആരോപണം ഫലപ്രഖ്യാപനത്തിന് മുന്പുള്ള മുൻകൂർ ജാമ്യമെടുപ്പെന്ന് പത്തനംതിട്ട എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ പറഞ്ഞു. ഇടതുപക്ഷം തകരാൻ പോവുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. പരാജയഭീതികൊണ്ടാണ് സി.പി.എം വോട്ട് കച്ചവടമെന്ന ആരോപണം ഉന്നയിക്കുന്നതെന്നും വോട്ട് എണ്ണിക്കഴിയുന്പോൾ സി.പി.എമ്മിന്റെ വോട്ട് എവിടെപ്പോയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം തകരുന്നതിന്റെ ഏക ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ‘ഞങ്ങളുടെ വോട്ടിനെ സംബന്ധിച്ച് സി.പി.എമ്മിന് ഒരു ആശങ്കയും വേണ്ട. ഫലപ്രഖ്യാപനം വരുന്നതിന്റെ മുൻപ് തന്നെ സി.പി.എം പരാജയം സമ്മതിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് വോട്ട് കച്ചവട ആരോപണം. സി.പി.എമ്മും ഇടതുമുന്നണിയും മുൻകൂർ ജാമ്യം എടുക്കുകയാണ്‘ എന്നും സുരേന്ദ്രൻ വ്യക്തമാക്കി. 

കാസർഗോഡ്, കണ്ണൂർ, വടകര, ആലത്തൂർ, മാവേലിക്കര, കൊല്ലം, കോഴിക്കോട്, ആറ്റിങ്ങൽ തുടങ്ങിയ മണ്ധലങ്ങളിലാണ് വോട്ട് മറിച്ചതായി സി.പി.എമ്മിന് ആശങ്കയുള്ളത്. ഇതിൽ കണ്ണൂരും, കാസർഗോഡും കാര്യമായി തന്നെ വോട്ട് മറിഞ്ഞു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ മത്സരിച്ച ആറ്റിങ്ങൽ മണ്ധലത്തിന്റെ കാര്യത്തിലും ഇടത് മുന്നണിക്ക് ആശങ്കയുണ്ട്. മൂന്നാം തവണ ജനവിധി തേടുന്ന എ.സമ്പത്ത് ജയിക്കാതിരിക്കാൻ ബി.ജെ.പി, യു.ഡി.എഫ് നേതാക്കളുമായി ഗൂഢാലോചന നടത്തിയെന്നാണ് ഇടത് നേതാക്കളുടെ ആരോപണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed