ബഹ്റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോ സമാപിച്ചു

മനാമ : പതിനഞ്ചാമത് ബഹ്റൈൻ അന്താരാഷ്ട്ര ഗാർഡൻ ഷോ സമാപിച്ചു. നാലു ദിവസം നീണ്ടുനിന്ന ഷോയിലെ വിജയികളെ ഇന്നലെ നടന്ന സമാപന ചടങ്ങിൽ പ്രഖ്യാപിച്ചു. മാർക്കറ്റിങ് സോൺ, ഗവൺമെന്റ് സെക്ടർസ്, പ്രൈവറ്റ് സെക്ടർ, എൻ.ജി.ഒ.കൾ, വിദ്യാഭ്യാസ മേഖല തുടങ്ങിയ വിഭാഗങ്ങളിൽ നിന്നായി 15 വിജയികൾ അവാർഡുകൾ ഏറ്റുവാങ്ങി. ഈ വർഷത്തെ ബഹ്റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോയിൽ (ബി.ഐ.ജി.എസ്) 170 ഓളം പ്രദർശകരാണ് പങ്കെടുത്തത്.
പരിപാടിയുടെ വിജയത്തോടുള്ള നന്ദി പ്രകാശിപ്പിച്ചുകൊണ്ട് നാഷണൽ ഇനീഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡവലപ്മെന്റ് സെക്രട്ടറി ജനറൽ ഷെയ്ഖ മറാം ബിൻത് ഇസ അൽ ഖലീഫ അവാർഡുകൾ വിതരണം ചെയ്തു. ജനങ്ങളുടെ പ്രതികരണം വളരെ മികച്ചതായിരുന്നു. ഈ പരിപാടി സംഘടിപ്പിക്കുന്നതിന് നമ്മൾ നടത്തിയ എല്ലാ പരിശ്രമങ്ങളും ഫലം കണ്ടു. ഗാർഡൻ ഷോയ്ക്ക് എല്ലാ വർഷവും സന്ദർശകരുടെ എണ്ണം വർദ്ധിക്കുന്നുവെന്നത് വിജയത്തിന്റെ സൂചനയാണെന്നും അവർ പറഞ്ഞു.
'അവെയർനസ് ഡിവിഷൻ' എന്ന വിഭാഗത്തിൽ യൂണിവേഴ്സിറ്റി ഓഫ് ബഹ്റൈൻ അവാർഡിന് അർഹരായി. 90പോയിന്റുകളാണ് ഈ ഇനത്തിൽ യൂണിവേഴ്സിറ്റി നേടിയത്. 2004 മുതൽ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. എല്ലാവർഷവും വിജയികളാകുവാനും സാധിച്ചു. യൂണിവേഴ്സിറ്റി ഓഫ് ബഹ്റൈൻ ഡയറക്ടർ ഓഫ് എഞ്ചിനീയറിങ് ഡോ. ഫൂദ് മുഹമ്മദ് അൽ അൻസാരി പറഞ്ഞു.
എൻജിഒ വിഭാഗത്തിൽ അൽ നൂർ ചാരിറ്റി അവാർഡിന് അർഹരായി. ഷോയ്ക്ക് വേണ്ടി സെപ്റ്റംബറിൽ ഒരുക്കങ്ങൾ ആരംഭിച്ചതായും തങ്ങൾ പങ്കെടുത്തത് മൂന്നാമത്തെ തവണയാണെങ്കിലും വിജയികളാകുന്നത് ആദ്യമായിട്ടാണെന്നും അൽ നൂർ ചാരിറ്റി വൈസ് പ്രസിഡന്റ് ശൈഖ ലുൽവ ഖലീഫ അലി ഖലീഫ അൽ ഖലീഫ പറഞ്ഞു.
ഗവൺമെന്റ് സെക്ടറിൽ 92.67 പോയിന്റുമായി വിദ്യാഭ്യാസ മന്ത്രാലയം ഒന്നാം സ്ഥാനവും, കാർഷിക-മറൈൻ റിസോഴ്സ് ഏജൻസി 89.33 പോയിന്റുമായി രണ്ടാം സ്ഥാനവും മുനിസിപ്പാലിറ്റി അഫയേഴ്സ് 80 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി.