വികസനത്തിനായി ലഭ്യമായ എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി
മനാമ : വികസനത്തിനായി ലഭ്യമായ എല്ലാ സാധ്യതകളും ഉപയോഗിക്കാൻ സർക്കാരിന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ നിർദേശം നൽകി. വെല്ലുവിളികൾ നേരിടാനും പൗരന്മാർക്കായുള്ള സേവനങ്ങൾ മെച്ചപ്പെടുത്താനുമാണ് പ്രഥമ പരിഗണന നൽകുന്നത്. പൗരന്മാർക്ക് നൽകുന്ന സേവനങ്ങളുടെ എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുന്നത്തിന് സർക്കാർ തുടർച്ചയായി നടത്തിവരുന്ന പരിശ്രമങ്ങളെയും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ പുരോഗതിക്ക് ദേശീയതലത്തിൽ ബഹ്‌റൈൻ ജനത നടത്തുന്ന കഠിന പരിശ്രമങ്ങളും പ്രതിബദ്ധതയും അഭിനന്ദനാര്ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഗുദൈബിയ കൊട്ടാരത്തിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി ദേശീയ പ്രശ്നങ്ങളും, ഏറ്റവും പുതിയ പ്രാദേശിക, ആഗോള സംഭവ വികാസങ്ങളും അവലോകനം ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി പ്രസ്താവന നടത്തിയത്. വിവിധ മേഖലകളിൽ ബഹ്റൈന്റെ നേട്ടങ്ങളിൽ അഭിമാനിക്കുന്നതായും ഇത് അന്തർദേശീയ തലങ്ങളിൽ ബഹ്റൈന്റെ നിലയും ബഹുമാനവും പ്രതിഫലിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി) പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫക്ക് വിജയകരമായ നേട്ടങ്ങൾ ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബഹ്റൈൻ പൗരൻമാരുടെ അർപ്പണബോധവും പ്രതിബദ്ധതയും പ്രധാനമന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റി. ബഹ്റൈൻ നേടിയ എല്ലാ നേട്ടങ്ങളും ബഹുമതികളും പൌരന്മാരുടെ പ്രയത്നങ്ങളുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിലും ഗവൺമെൻറ് പ്രവർത്തനങ്ങൾ തുടരുമെന്നും മുമ്പുള്ള നേട്ടങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ പൗരന്മാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതവും സ്ഥിരതയുമുള്ള അന്തരീക്ഷമ സൃഷ്ടിക്കുന്നതിനും ഗവൺമെന്റ് മുൻഗണന നൽകുന്നതായും അദ്ദേഹം പറഞ്ഞു.
