39-ാം ജിസിസി സമ്മേളനം സമാപിച്ചു : സുരക്ഷക്ക് പ്രഥമ പരിഗണന


മനാമ : റിയാദിലെ ദിരിയാഹ് പാലസിൽ നടന്ന 39-ാം ജിസിസി സമ്മേളനത്തിൽ ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവും മറ്റ് ഗൾഫ് രാജ്യങ്ങളുടെ ഭരണാധികാരികളും പങ്കെടുത്തു. പ്രതിരോധം ഉൾപ്പെടെ നിരവധി മേഖലകളിൽ അറബ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇറാനിൽനിന്നും മറ്റ് സ്ഥലങ്ങളിൽനിന്നുമുള്ള ഭീഷണികളെ ഒരുമിച്ച് നേരിടുന്നതിനും സഖ്യം തീരുമാനമെടുത്തു. ഗൾഫ് കോപറേഷൻ കൗൺസി(ജിസിസി)ലിനെ നിലനിർത്താനും നിലവിലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ഇതോടൊപ്പം ഭാവിയിലേക്ക് പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും സൗദി അറേബ്യ ആഗ്രഹിക്കുന്നതായി സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് വ്യക്തമാക്കി.

അംഗരാഷ്ട്രങ്ങളുടെ പൗരന്മാരുടെ സുരക്ഷ, സുസ്ഥിരത, വികസനം, അഭിവൃദ്ധി, ക്ഷേമം എന്നിവയ്ക്ക് ജിസിസി നമ്മുടെ അടിസ്ഥാനമായി മാറിയിരിക്കുന്നതായി സൽമാൻ രാജാവ് പറഞ്ഞു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നടന്ന 39-ാം ജിസിസി ഉച്ചകോടിക്ക് എത്തിയ യുഎഇ, കുവൈറ്റ്, ബഹ്റൈൻ, ഒമാൻ, ഖത്തർ തുടങ്ങിയ ആറു ജിസിസി അംഗങ്ങളിൽ നിന്നു നേതാക്കളേയും പ്രതിനിധികളേയും സൽമാൻ രാജാവ് സ്വാഗതം ചെയ്തു. ഖത്തർ അമീർ ജിസിസി രാജ്യങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും സമ്മിറ്റിന് വരികയും വേണമെന്ന് ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹ്മദ് ആവശ്യപ്പെട്ടിരുന്നു.

ഇറാനിയൻ ഭരണകൂടം ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക സ്ഥിരതക്ക് ഭീഷണിയാകുകയും ചെയ്യുന്നതായും, സൗദി രാജാവ് പറഞ്ഞു. ഇറാനിയൻ ഭരണകൂടം അതിന്റെ നയങ്ങൾ തുടരുന്നതായും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ശ്രെമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും നിലനിർത്തുന്നതിന് ജി.സി.സി. അംഗരാജ്യങ്ങളെല്ലാം ഒരുമിച്ച് പ്രവർത്തിക്കനാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പലസ്തീൻ ജനതയുടെ ആശങ്കയും പരിഗണിക്കേണ്ട വിഷയമാണ്. പലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കേണ്ടതുണ്ട്. കിഴക്കൻ ജെറുസലേം ആസ്ഥാനമാക്കി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുക എന്നത് ഇതിൽ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് ഇസ്രയേലിന്റെ ക്രൂരമായ നടപടികളിൽനിന്നും പാലസ്തീൻ ജനതയെ സംരക്ഷിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. അറബികൾ, മുസ്ലിങ്ങൾ, സമാധാനപ്രിയരായ ജനങ്ങൾ എന്നിവരുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതാണ് നടപടികളെന്നും സൗദി ആരോപിച്ചു.

You might also like

  • Straight Forward

Most Viewed