വരച്ചു വരച്ചു റെക്കോർഡ് നേടാനൊരുങ്ങി ബഹ്‌റൈൻ സ്പെക്ട്ര

രാജീവ് വെള്ളിക്കോത്ത്
മനാമ:രാജ്യത്തെ ഏറ്റവും വലിയ ചിത്രരചനാ മത്സരത്തിനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ സമൂഹത്തിന്റെ ചാരിറ്റി വിഭാഗമായ ഐ സി ആർ എഫ്. ഏറ്റവും കൂടുതൽ കുട്ടികൾ ഒരേ ഇനത്തിൽ മത്സരിക്കുന്നതും ഏറ്റവും കൂടുതൽ സ്‌കൂളുകൾ പ്രതിനിധാനം ചെയ്യുന്നതും ഒറ്റ ഇനത്തിൽ തന്നെ മത്സരം നടക്കുന്നതുമായ ചരിത്ര നേട്ടം കൈവരിക്കുന്ന റെക്കോർഡ് ആയി മാറും ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്പെക്ട്ര ചിത്രരചനാ മത്സരം. ഡിസംബർ 14 രാവിലെ 7;30 മുതൽ ആരംഭിക്കുന്ന ചിത്രരചനാ മത്സരം ഉച്ചയ്ക്ക് 1 മണിവരെ വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി നടക്കും. അതോടൊപ്പം തന്നെ ഇന്ത്യൻ ഹെറിറ്റേജ് ഫെസ്റ്റിവൽ എന്ന പേരിൽ സാംസ്കാരിക പരിപാടികളും ഇത്തവണ സംഘടിപ്പിക്കുന്നുണ്ട്. രാവിലെ മുതൽ വിവിധ തരത്തിലുള്ള സ്റ്റാളുകളും സജീവമാകും. വൈകീട്ട് 5 മണി മുതൽ ഇന്ത്യൻ ഡാൻസ് ഫെസ്റ്റ്,മറ്റു സംഗീത പരിപാടികൾ എന്നിവയും ഏർപ്പെടുത്തിയിട്ടുള്ളതായി സ്പെക്ട്ര സംഘാടകർ അറിയിച്ചു.
ബഹ്‌റൈനിലെ സ്വകാര്യ, സർക്കാർ സ്‌കൂളുകളിൽ നിന്നും 5000 ത്തിൽ പരം വിദ്യാർഥികൾ ഇത്തവണ ഈ മത്സരത്തിൽ സംബന്ധിക്കുന്നുണ്ട്.ഇത്തവണ ഫലപ്രഖ്യാപനവും അവാർഡ് ദാനവും ആദിവസം തന്നെ നടത്താനുള്ള ഒരുക്കത്തിലാണ് സംഘാടകർ. 200 പേർ അടങ്ങുന്ന വലിയൊരു സംഘാടക സമിതി ഇതിന്റെ പ്രവർത്തനങ്ങൾക്കായി സജീവമായിരിക്കുകയാണ് .കുട്ടികൾ വരച്ച ചിത്രങ്ങളിൽ നിന്ന് ഏറ്റവും മികച്ചവ ഉൾപ്പെടുത്തി കലണ്ടർ പ്രിന്റ് ചെയ്യുകയും അത് ബഹ്‌റൈനിലെ വിവിധ സ്‌ഥാപനങ്ങൾക്ക് നൽകുകയും ചെയ്യും. ഇതിലൂടെ ലഭിക്കുന്ന വരുമാനം ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിലേക്ക് നൽകും. കുട്ടികൾ സമൂഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നു എന്നത് കൂടിയാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
പ്രമുഖ സ്‌കൂൾ കളറിംഗ് സ്റ്റേഷനറി സ്‌ഥാപനമായ ഫൈബർ കാസ്‌ലെ ആണ് മത്സരാർത്ഥികൾക്ക് വേണ്ടുന്ന മുഴുവൻ പെയിന്റ്,പേപ്പർ തുടങ്ങിയവ തീർത്തും സൗജന്യമായി നൽകുന്നത്.2009-ൽ ആരംഭിച്ച സ്പെക്ട്രയുടെ 10 മത് പരിപാടി വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ഇതിന്റെ സംഘാടകർ.
സ്പെക്ട്ര ഫയല്‍ ചിത്രം