ബഹ്‌റൈനിലെ വടകരക്കാരും പറയുന്നു ഇനി 'നമ്മളെ കണ്ണൂർ'

രാജീവ് വെള്ളിക്കോത്ത്
മനാമ: കണ്ണൂർ വിമാനത്താവളം ഡിസംബർ 9നു പ്രവർത്തനമാരംഭിക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രവാസികൾ കണ്ണൂരിലേയ്ക്ക് പറക്കാനുണ്ടാവുക വടകര,കൊയിലാണ്ടി തുടങ്ങിയ പ്രദേശത്തുള്ളവർ ആയിരിക്കും.അതുകൊണ്ടു ബഹ്‌റൈനിൽ ഏറ്റവും കൂടുതൽ ഉള്ള വടകര സ്വദേശികൾക്കും കണ്ണൂർ വിമാനത്താവളം അവരുടെ സ്വന്തം വിമാനത്താവളമായ് മാറും.
ബഹ്‌റൈനിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ളതും ഏറ്റവും കൂടുതൽ തവണ നാട്ടിലേയ്ക്ക് പോകുന്നതും വടകര പ്രദേശത്തുള്ളവർ ആണ് .എന്നാണ് പൊതുവെയുള്ള ധാരണ.സെൻട്രൽ മാർക്കറ്റ്,കോൾഡ് സ്റ്റോറുകൾ തുടങ്ങി സമസ്ത മേഖലയിലും വടകര,കൊയിലാണ്ടി ,നാദാപുരം തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളവർക്കുമെല്ലാം കണ്ണൂർ വിമാനത്താവളം വരുന്നതോടെ റോഡ് മാർഗ്ഗമുള്ള യാത്ര വളരെയധികം കുറയും.
നിലവിൽ സ്‌ഥിരമായി സഞ്ചരിക്കുന്ന കരിപ്പൂരിലേക്ക് 74.1 കിലോമീറ്റർ ദൂരമാണ് വടകരയിൽ നിന്ന് കരിപ്പൂരിലേക്കുള്ളത്. കണ്ണൂർ വിമാനത്താവളം സജ്ജമാകുന്നതോടെ 48 കിലോമീറ്റർ ആണ് റോഡ് മാർഗ്ഗം സഞ്ചരിക്കാനുള്ള ദൂരം. കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് 74 കിലോമീറ്റർ ആണെങ്കിലും ഇത് വഴിയുള്ള വാഹനങ്ങളുടെ ബാഹുല്യവും കോഴിക്കോട് നാദരം കടന്ന് പോകേണ്ടതും കാരണം ഇത്രയും ദൂരം സഞ്ചരിക്കാൻ 3 മണിക്കൂറൊ,ചിലപ്പോൾ നാല് മണിക്കൂർ വരെ എടുക്കുന്നുണ്ടെന്ന് വടകര സ്വദേശികൾ പറയുന്നു.
കണ്ണൂർ വിമാനത്താവളം സ്‌ഥിതി ചെയ്യുന്ന മട്ടന്നൂരിലേയ്ക്ക് യഥേഷ്ടം കുറുക്കുവഴികൾ അടക്കം ഉള്ളതിനാൽ 1 മണിക്കൂർ കൊണ്ട് തന്നെ ഇവിടെ എത്താമെന്നും ഇവർ പറയുന്നു. അതുകൊണ്ടു തന്നെ കണ്ണൂരിൽ നിന്ന് വിമാനം പറന്നുയരുന്നതോടെ ഈ വിമാനത്താവളം നമ്മളെ സ്വന്തം ആയി എന്നാണ് വടകര പ്രവാസികൾ പറയുന്നത്.
ഇനി ഉദ്ഘാടനത്തിനായുള്ള കാത്തിരിപ്പിലാണ് ബഹ്‌റൈനിലെ ഭൂരുഭാഗം പ്രവാസികളും. ഡയറക്ടര്‍ ജനറല്‍ ഒഫ് ഏവിയേഷന്റെ അന്തിമ അനുമതിയാണ് ഇന്ന് ലഭിച്ചിരിക്കുന്നത് . യാത്രാവിമാനം ഇറക്കിയുള്ള പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണ് ഡിജിസിഎയുടെ ഏറോഡ്രാം അനുമതി ലഭിച്ചിരിക്കുന്നത്.
ഇതോടെ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം കണ്ണൂരില്‍ പൂര്‍ണ പ്രവര്‍ത്തന സജ്ജമായി. ലൈസന്‍സ് അനുവദിക്കുന്നതിനു മുന്നോടിയായുള്ള ഇന്‍സ്ട്രുമെന്റേഷന്‍ അപ്രോച്ച് പ്രൊസീജിയറിന്റെ (ഐ എ പി) കൃത്യത ഉറപ്പുവരുത്തല്‍, വിമാനത്താവളത്തില്‍ സ്ഥാപിച്ച ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റത്തിന്റെ കാലിബ്രേഷന്‍ തുടങ്ങിയവ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.
സെപ്തംബര്‍ 20, 21 തിയതികളില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചതനുസരിച്ച് ഡിവിഒആര്‍ അടിസ്ഥാനമായുള്ള ഫ്‌ളൈറ്റ് ട്രയല്‍ ഡിജിസിഎ എയര്‍ ഇന്ത്യാ എക്‌സ്പ്രസും ഇന്‍ഡിഗോയും വിജയകരമായി നടത്തുകയും ചെയ്തിരുന്നു.
റണ്‍വേയും എയര്‍സൈഡ് വര്‍ക്കുകളും ഉള്‍പ്പെട്ട 694 കോടി രൂപയുടെ ഇപിസി കോണ്‍ട്രാക്ട് ജോലികളും 498 കോടി രൂപയുടെ ടെര്‍മിനല്‍ ബില്‍ഡിംഗും അതിനോടനുബന്ധിച്ച സിറ്റി സൈഡ് നിര്‍മാണ ജോലികളും ടെര്‍മിനല്‍ ബില്‍ഡിംഗിനകത്തെ ഡിഎഫ്എംഡി, എച്ച്എച്ച്എംഡി, ഇന്‍ലൈന്‍ എക്‌സ്‌റേ മെഷീന്‍, ബാഗേജ് ഹാന്‍ഡ്‌ലിംഗ് സിസ്റ്റം, ചെക്ക് ഇന്‍ കൗണ്ടറുകള്‍, എമിഗ്രേഷന്‍ ചെക്ക് പോയിന്റുകള്‍, ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, പാസഞ്ചര്‍ ബോര്‍ഡിംഗ് ബ്രിഡ്ജ് തുടങ്ങിയ ജോലികളും പൂര്‍ത്തിയായി.
3,050 മീറ്റര്‍ റണ്‍വെയാണ് ഇപ്പോഴുളളത്. അത് 4,000 മീറ്ററായി നീട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2,300 ഏക്കറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുളളത്. യാത്രക്കാര്‍ക്കുളള ടെര്‍മിനല്‍ കെട്ടിടത്തിന്‍റെ വിസ്തീര്‍ണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുളള അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്സ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു.