കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി


മനാമ : രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സ്വകാര്യ മേഖലകൾ ശ്രെമിക്കണമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപ പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ സാന്നിധ്യത്തിൽ ഗുദൈബിയ കൊട്ടാരത്തിൽ നടന്ന ക്യാബിനറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
സ്വകാര്യ മേഖലയിലേക്ക് കൂടുതൽ ബഹ്റൈനികളെ ആകർഷിക്കാൻ പ്രാഥമിക നടപടികൾ ആരംഭിക്കാൻ ലേബർ ആന്റ് സോഷ്യൽ ഡെവലപ്മെൻറ് മന്ത്രാലയത്തോട് പ്രധാനമന്ത്രി നിർദേശിച്ചു. തൊഴിലന്വേഷകർക്കുള്ള പരിശീലന പരിപാടികൾ ഒഴിവുകൾ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉറപ്പാക്കുന്നതിനായി സ്വകാര്യമേഖലയെ ഏകോപിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിക്ഷേപങ്ങളുടെ ഫലമായി ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ തൊഴിൽ മേഖലയിലെ സ്ഥിരതയിൽ പുരോഗമനമുണ്ടെന്നും ക്യാബിനറ്റ് വിലയിരുത്തി.
 
2017 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ തൊഴിൽ മേഖലയിൽ സ്വദേശീയരായ തൊഴിലാളികളുടെ എണ്ണത്തിൽ 2.4 ശതമാനം വർധനവുണ്ടായി.2018 ആദ്യ പകുതിയിൽ സ്വകാര്യ മേഖലയിൽ 12,000 ബഹ്റൈനി തൊഴിലാളികളെ റിക്രൂട്ട് ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ തൊഴിലില്ലായ്മ 4.1 ശതമാനത്തിൽ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. 3,400 പേർക്ക് പരിശീലന പരിപാടികളുടെ പ്രയോജനം ലഭികച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
 
ജനങ്ങൾക്ക് മികച്ച ജീവിത നിലവാരം ഉറപ്പുവരുത്തുന്നതിനായി ഏറ്റവും മികച്ച ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുവാനും വൃദ്ധരായവർക്ക് അർഹമായ പരിഗണന നൽകാനും മന്ത്രിസഭ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് നിർദേശം നൽകി. രാജ്യത്തിൻറെ പുരോഗതിക്കായി പരിശ്രമിച്ച മുതിർന്ന പൗരന്മാരെ അന്തർദേശീയ വൃദ്ധ ദിനത്തിൽ പ്രധാനമന്ത്രി പ്രശംസിച്ചു. സേവനങ്ങൾ മെച്ചപ്പെടുത്താനും രാജ്യത്തിന്റെ നഗരങ്ങളിലും ഗ്രാമങ്ങളിലും വികസന പ്രവർത്തങ്ങൾ നടപ്പിലാക്കാനും കൂടുതൽ ശ്രെദ്ധ നൽകണമെന്നും ക്യാബിനറ്റ് വ്യക്തമാക്കി.
 
ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ ശ്രമഫലമായുള്ള സുസ്ഥിര വികസനനേട്ടങ്ങൾ, ജനങ്ങളുടെ ജീവിത നിലവാരത്തെ കൂടുതൽ ദൃഢമാക്കുന്നതിനും, നഗരങ്ങളുടെയും പട്ടണങ്ങളുടെയും സമഗ്രമായ ആധുനികവത്കരണത്തിനും കരണമായതായും ക്യാബിനറ്റ് വിലയിരുത്തി. യൂത്ത് ആന്റ് സ്പോർട്സ് അഫയേഴ്സ് മന്ത്രി അവതരിപ്പിച്ച മെമ്മോറാണ്ടത്തെ തുടർന്ന് ഗ്രാമങ്ങളിലും നഗരങ്ങളിലും യുവാക്കൾക്കായുള്ള കായിക സൌകര്യങ്ങൾ നിർമിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ പുരോഗതിയും സെഷൻ അവലോകനം ചെയ്തു.

You might also like

Most Viewed