സമൂഹ മാധ്യമങ്ങളിൽ വിഭാഗീയത പ്രചാരണം: മുൻ പാര്‍ലമെന്റംഗത്തിന് മൂന്നു മാസം തടവ്
മനാമ : സമൂഹ മാധ്യമങ്ങളിൽക്കൂടി വിഭാഗീയത് ഉണ്ടാക്കുന്ന തരത്തിൽ അഭിപ്രായപ്രകടനങ്ങൾ നടത്തിയതിന് ഒരു മുൻ പാര്‍ലമെന്റ് അംഗത്തിന് ലോവർ ക്രിമിനൽ കോടതി മൂന്നു മാസത്തെ തടവ് ശിക്ഷ വിധിച്ചു. വിധി നിർത്തലാക്കാൻ, 300 ബഹ്‌റൈൻ ദിനാറിന്റെ ജാമ്യത്തിന് കോടതി ഉത്തരവിടുകയും ചെയ്തു.
പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ട ഒരു പ്രസ്താവന പ്രകാരം ജനുവരി 15നാണ് പാര്‍ലമെന്റംഗത്തെ, ട്വിറ്ററിൽ അപകീർത്തികരമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിന് ചോദ്യം ചെയ്തത്.
അറിയപ്പെടുന്ന ഒരു അഭിഭാഷക ഉൾപ്പെടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്നും കടുത്ത വിമർശനം ഉയർന്നതിനെ തുടർന്ന് ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു. തങ്ങളുടെ വിഭാഗത്തിൽ ആദരിക്കപ്പെടുന്ന ഒരു പ്രമുഖ വ്യക്തിയെ അപകീർത്തിപ്പെടുത്തുന്ന അഭിപ്രായമാണ് എം.പി രേഖപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ സ്ഥിരീകരിച്ചതിനെത്തുടർന്ന് മൂന്നു മാസത്തെ തടവ് വിധിക്കുകയായിരുന്നു.
