പൊതു സ്ഥലങ്ങളിലെ ചാരിറ്റി ബോക്സുകൾക്ക് നിരോധനം
മനാമ : രാജ്യത്ത് പൊതു സ്ഥലങ്ങളിലും റോഡരികിലും സ്ഥാപിച്ചിരിക്കുന്ന ചാരിറ്റി ബോക്സുകൾക്ക് നിരോധനം. രാജ്യത്ത് രജിസ്‌ട്രേഷനുള്ള ചാരിറ്റബിൾ സൊസൈറ്റികൾ തൊഴിൽ− മുനിസിപ്പാലിറ്റി അഫേഴ്‌സ് ആൻഡ് പ്ലാനിംഗ് മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഇത്തരം ചാരിറ്റി ബോക്സുകൾ സ്ഥാപിക്കരുതെന്ന് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെൻറ് മിനിസ്‌ട്രി വ്യക്തമാക്കി.
നേരത്തെ രാജ്യത്തെ മൂന്ന് മുനിസിപ്പാലിറ്റികളും നിയമപരമായി ചാരിറ്റി ബോക്സുകൾ സ്ഥാപിക്കുന്നതിന് സ്ഥലം നൽകിയിരുന്നു. എന്നാൽ റോഡരികിലും കടകളുടെയും വീടുകളുടെയും സമീപത്ത് അനധികൃതമായി ഇത്തരം ബോക്സുകൾ സ്ഥാപിക്കുന്നത് പതിവായതോടെ ചാരിറ്റി ബോക്സുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകുന്നത് മുനിസിപ്പാലിറ്റികൾ നിർത്തി.
ചാരിറ്റി ബോക്സുകൾ സ്ഥാപിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുമെന്ന് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മിനിസ്‌ട്രി അണ്ടർ സെക്രട്ടറി സബാഹ് അൽ ദോസരി ഇന്നലെ പറഞ്ഞു. റമദാൻ, ഈദ് അൽ ഫിതർ തുടങ്ങിയവയുടെ സീസൺ ആയതോടെ ഇത്തരം ബോക്സുകൾ സ്ഥാപിക്കുന്നത് വർദ്ധിച്ചിട്ടുണ്ട്. അനധികൃതമായി സ്ഥാപിക്കുന്ന ബോക്സുകൾ കാഴ്ച മറക്കുകയും തൽഫലമായി അപകടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സുകൾ മാറ്റിസ്ഥാപിക്കാൻ നിർദേശം നൽകിയെങ്കിലും സംഘടനകൾ അതിന് തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റജിസ്‌ട്രേഷൻ ഉള്ള സംഘടനകൾക്ക് പുറമെ അനധികൃതമായി ആരെങ്കിലും ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ടോ എന്നും മുനിസിപ്പാലിറ്റി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള നൂറുകണക്കിന് ബോക്സുകൾ രാജ്യത്തുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന തുക വിധ്വംസക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
