ആമസോണിന്റെ ക്ലൗഡ് സംബന്ധമായ പഠനത്തിന് 3000 പേർ

മനാമ : ആമസോൺ വെബ് സർവ്വീസ് സംരംഭമായ എ.ഡബ്ല്യു.എസ് എജ്യൂക്കേഷനിൽ ക്ലൗഡ് സംബന്ധമായ പഠനത്തിനൊരുങ്ങി മൂവായിരം ബഹ്‌റൈൻ യുവാക്കൾ. വിദ്യാർത്ഥികളെ വ്യവസായിക മേഖലയ്ക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഒരുക്കാൻ പര്യാപ്തമാണ് പാഠ്യപദ്ധതി. ബഹ്‌റൈൻ സാന്പത്തിക വികസന ബോർഡ് (ഇ.ഡി.ബി) സി.ഇ.ഒ ഖാലിദ് അൽ റുമൈ ആണ് ഇക്കാര്യം അറിയിച്ചത്.
സ്വകാര്യ മേഖല പരിശീലനത്തിൽ പങ്കെടുക്കുകയും സ്ഥാപനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ജീവനക്കാരെ പരിശീലിപ്പിക്കണമെന്നും ഖാലിദ് അൽ റുമൈ പറഞ്ഞു. ഒരു വ്യക്തി ശരാശരി 18 വർഷം വരെ വിദ്യാഭ്യാസ മേഖലയിൽ ചെലവഴിക്കുന്നുണ്ട്. ഇത് വേഗതയേറിയ സന്പദ്−വ്യവസ്ഥയുമായി താരതമ്യപ്പെടുത്തുന്പോൾ വരുന്ന അന്തരം വലുതാണ്. ഈ വെല്ലുവിളിയെ നേരിടാനായി നമ്മുടെ വിദ്യാഭ്യാസ സന്പ്രദായത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും ഖാലിദ് അൽ റുമൈ പറഞ്ഞു.
ഓൺലൈൻ പഠനം, തൊഴിലധിഷ്ഠിത കോഴ്സുകൾ, സാങ്കേതികവിദ്യകളുടെ പഠനം എന്നിവയെല്ലാം വേഗതയേറിയ സന്പദ്−വ്യവസ്ഥയോടൊപ്പം മുന്നോട്ടുപോകുന്നതിനുള്ള മാർഗ്ഗങ്ങളാണ്. ഓൺ ഡിമാൻഡ് ക്ലൗഡ് കന്പ്യൂട്ടിംഗ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാക്കുന്ന ആമസോൺ വെബ് സർവ്വീസസിന് (AWS) അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മിഡിൽ ഈസ്റ്റ് മേഖലയിൽ 10,000 ഡാറ്റാ സൊല്യൂഷൻ വിദഗ്ദ്ധരെ ആവശ്യമാണ്. ബഹ്‌റൈനിൽ നിന്നുള്ള വിദഗ്ദ്ധർക്ക് മേഖലയിൽ അവസരം ലഭിക്കുമെന്നും ഖാലിദ് അൽ റുമൈ പറഞ്ഞു.
കഴിഞ്ഞ വർഷം, ബഹ്‌റൈൻ പോളിടെക്നിക് അവരുടെ ഐസിറ്റി ഇൻഫ്രാ സ്‌ട്രെക്ച്ചർ ആമസോൺ വെബ് സർവ്വീസിലേയ്ക്ക് (AWS) മാറ്റിയിരുന്നു. ഈ സാങ്കേതികവിദ്യ നടപ്പിലാക്കുന്ന ആദ്യ ഗവൺമെന്റ് സ്ഥാപനങ്ങളിലൊന്നായിരുന്നു അത്. എല്ലാ വിദ്യാർത്ഥികൾക്കും അക്കാദമിക് സ്റ്റാഫുകൾക്കും (ഏകദേശം 2,000 ഉപയോക്താക്കൾ) ഉപയോഗിക്കാവുന്ന രീതിയിലായിരുന്നു ഇത്. കോഴ്സ് മെറ്റീരിയലുകൾ, അസൈൻമെന്റുകൾ, ക്വിസ്, സർവ്വേകൾ, ചർച്ചാവേദികൾ എന്നിവയും ആമസോൺ വെബ് സർവ്വീസിൽ ലഭ്യമായിരുന്നു.