ബ്ലോക്ക് ചെയിൻ അധിഷ്ഠിത പേയ്മെന്റുകൾ ബഹ്‌റൈന് കൂടുതൽ അനുയോജ്യം

മനാമ : ദുബൈ മാതൃക ബഹ്‌റൈൻ പിന്തുടരുകയും, ബ്ലോക്ക് ചെയിൻ അടക്കമുള്ള വാലറ്റ് പേയ്മെന്റ് പ്ലാറ്റ്ഫോമുകൾ നടപ്പാക്കുകയും വേണമെന്ന് ബ്ലോക്ക് ചെയിൻ വിദഗ്ദ്ധൻ വഖാസ് മിർസ വ്യക്തമാക്കി. ബ്ലോക്ക് ചെയിൻ ടെക്നോളജി അടിയന്തിര സാഹചര്യങ്ങളിൽ പ്രയോജനകരമാണെന്ന് ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അദ്ദേഹം പറഞ്ഞു. ദേശവ്യാപകമായി പേയ്മെന്റ് പ്ലാറ്റ്ഫോം നടപ്പാക്കാൻ മിർസയുടെ കന്പനിയായ അവാൻസ സൊല്യൂഷൻസിനെയാണ് ദുബൈ ഗവൺമെന്റ് ചുമതലപ്പെടുത്തിയത്.
പ്ലാറ്റ്ഫോം പ്രാവർത്തികമായതോടെ ഇടപാടുകൾക്ക് ആവശ്യമായിരുന്ന സമയം 45 ദിവസം എന്നത് രണ്ട് മണിക്കൂറാക്കി കുറയ്ക്കാൻ സാധിച്ചു. സർക്കാർ വകുപ്പുകളായ നോളജ് ആന്റ് ഹ്യൂമൺ ഡവലപ്മെന്റ് അതോറിറ്റി, ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി എന്നിവ ബ്ലോക്ക് ചെയിൻ ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. അവിടെ ഏകദേശം 40 സ്ഥാപനങ്ങൾ ഉണ്ടാകും. അതിൽ രണ്ടെണ്ണത്തിന്റെ പ്രവർത്തനം മാത്രമേ ബ്ലോക്ക് ചെയിൻ പ്ലാറ്റ്ഫോമിലേയ്ക്ക് മാറ്റിയിട്ടുള്ളൂ. ഓരോ മാസവും രണ്ടോ മൂന്നോ സ്ഥാപനങ്ങൾ ഈ രീതിയിലേയ്ക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. 2018 അവസാനത്തോടെ പ്രോജക്ട് പൂർത്തിയാക്കാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈൻ ഉൾപ്പെടെയുള്ള മറ്റ് ജി.സി.സി രാജ്യങ്ങൾ ഈ രീതി പിന്തുടരണം.
ബ്ലോക്ക് ചെയിൻ ഉപയോഗിച്ച് ഗവൺമെന്റ് ഫണ്ടുകൾ ഏകീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ദുബൈയിലെ പേയ്മെന്റ് ഗേയ്റ്റ്‌വെ ഏകദേശം 40 സർക്കാർ സ്ഥാപനങ്ങളുമായും ഒരു ഡസനോളം ബാങ്കുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഒരു വ്യക്തി പേയ്മെന്റ് ഗേയ്റ്റ്‌വെ ഉപയോഗിച്ച് വൈദ്യുതി ബിൽ അടയ്ക്കുന്പോൾ അത് അവരുടെ ബാങ്ക് അക്കൗണ്ട് ഡെബിറ്റ് ചെയ്യുകയും പേയ്മെന്റ് നടക്കുകയും ചെയ്യും. ഈ പ്രക്രിയയ്ക്കിടയിൽ ഗവൺമെന്റ് സ്ഥാപനങ്ങൾക്കിടയിൽ ഫയലുകൾ കൈമാറ്റം ചെയ്യുകയാണ്. അതിനുശേഷം ഫണ്ടുകൾ സർക്കാർ സ്ഥാപനങ്ങളിലേയ്ക്ക് കൈമാറുന്നു. ഉപഭോക്താവ് ഒരു പ്രശ്നവും നേരിടുന്നില്ല. സാധാരണയായി ഈ പ്രക്രീയ പൂർത്തിയാകാൻ 45 ദിവസം എടുക്കുന്നു. എന്നാൽ ഇത് ബ്ലോക്ക് ചെയിൻ ഉപയോഗിച്ച് പരിഹരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
40 സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും സൈഫർ എന്ന ബ്ലോക്ക് ചെയിൻ പ്ലാറ്റ്ഫോമിലേയ്ക്ക് ബന്ധിപ്പിക്കും. സൈഫർ വഴി തൽസമയ ഇടപാടുകൾ സാധ്യമാകും. അതിലൂടെ പ്രക്രിയകൾ ലളിതമാകുമെന്നും, സമയം ലാഭിക്കാമെന്നും വഖാസ് മിർസ പറഞ്ഞു.